‘സാഫിർ’ എണ്ണക്കപ്പൽ; പ്രശ്നപരിഹാര പദ്ധതിയെ സ്വാഗതംചെയ്ത് സൗദി
text_fieldsജിദ്ദ: യമൻതീരത്ത് ഏതാനും വർഷങ്ങളായി വലിയ പാരിസ്ഥിതിക, മാനുഷിക ഭീഷണിയായി മാറിയ ‘സാഫിർ’ എന്ന എണ്ണക്കപ്പലിന്റെ പ്രശ്നപരിഹാരത്തിന് യു.എൻ നടപ്പാക്കുന്ന പദ്ധതിയെ സൗദി അറേബ്യ സ്വാഗതംചെയ്തു. കപ്പലിലെ ടാങ്കറിലുള്ളതായി കണക്കാക്കുന്ന 11.4 ലക്ഷം ബാരൽ ക്രൂഡോയിൽ നീക്കംചെയ്യാനുള്ള നടപടിയെ സ്വാഗതംചെയ്യുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ടാങ്കറിലെ എണ്ണ നീക്കംചെയ്യാൻ ആരംഭിച്ചത് കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളുടെയും അന്താരാഷ്ട്ര ശ്രമങ്ങളുടെയും വിജയമാണ്. സമുദ്രസുരക്ഷക്കും ചെങ്കലിലെ ആഗോള സമ്പദ് വ്യവസ്ഥക്കും ഭീഷണിയായ ഒരു സമുദ്ര പാരിസ്ഥിതികദുരന്തം ഒഴിവാക്കാനാണ് ഇതിലൂടെ സാധിച്ചിരിക്കുന്നതെന്നും വിദേശകാര്യാലയം പറഞ്ഞു.
എണ്ണ ടാങ്കറിന്റെ പ്രശ്നം അവസാനിപ്പിക്കാൻ പ്രവർത്തിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെയും ഐക്യരാഷ്ട്രസഭയിൽനിന്നുള്ള വർക്കിങ് ടീമിന്റെയും ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിക്കുന്നു. ടാങ്കർ ഭീഷണി അവസാനിപ്പിക്കുന്നതിനായി സാമ്പത്തികസഹായം നൽകുന്നതിന് ആരംഭിച്ച കാമ്പയിനിൽ പിന്തുണ നൽകിയ എല്ലാരാജ്യങ്ങളെയും അഭിനന്ദിക്കുന്നു. പ്രശ്നപരിഹാരത്തിനുള്ള അന്താരാഷ്ട്രശ്രമങ്ങൾക്ക് സാമ്പത്തികസഹായം നൽകിയ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കിങ് സൽമാൻ സെൻറർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയൻ എയ്ഡ് വഴിയാണ് ഇതിന് സഹായം നൽകിയത്. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തന പദ്ധതിപ്രകാരം ‘നോട്ടിക്ക’ എന്ന കപ്പലിലേക്ക് ‘സാഫിർ’ ടാങ്കറിലെ എണ്ണം നീക്കംചെയ്യുന്നത് ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
എണ്ണ നീക്കംചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നതിന് ബദൽ കപ്പലിന്റെ വരവ് സുഗമമാക്കുന്നതിന് പിന്തുണ നൽകിയ യമനിലെ സഖ്യസേനാനേതൃത്വത്തിനും സൗദി അറേബ്യ നന്ദി പറയുന്നു. സാഫിർ ടാങ്കർ പ്രശ്നം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുമായും യമൻ സർക്കാറുമായും ശ്രമങ്ങൾ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു.എന്നിന്റെയും അന്താരാഷ്ട്ര ഇടപെടലുകളുടെയും ശ്രമഫലമായി സാഫിർ ടാങ്കറിലെ എണ്ണ നീക്കംചെയ്യുന്നത് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇതോടെ മേഖലയെ ബാധിച്ചേക്കാവുന്ന വലിയ പാരിസ്ഥിതിക, മാനുഷികഭീഷണിക്കാണ് ശാശ്വത പരിഹാരമായിരിക്കുന്നത്. വർഷങ്ങളായി യമനിലെ ഹുദൈദ തുറമുഖത്തുനിന്ന് പടിഞ്ഞാറ് ഏകദേശം കിലോമീറ്റർ ദൂരത്ത് ജീർണാവസ്ഥയിൽ കഴിയുകയാണ് 47 വർഷം മുമ്പ് നിർമിച്ച സാഫിർ എന്ന ടാങ്കർ കപ്പൽ.
യമനിൽ യുദ്ധം തുടങ്ങിയതിനാൽ 2015 മുതൽ കപ്പലിൽ ഒരു റിപ്പയറിങ് ജോലികളും നടത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ടൈംബോംബ് നിർവീര്യമാക്കാനുള്ള സങ്കീർണമായ നടപടികളാണ് യു.എൻ ആരംഭിച്ചതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
‘നോട്ടിക’ എന്ന എണ്ണ ടാങ്കർ കപ്പൽ വാങ്ങിയാണ് യു.എൻ സാഫിറിലെ എണ്ണ നീക്കംചെയ്യുന്നത്. ജിബൂതിയിൽനിന്നാണ് ഈ കപ്പൽ കഴിഞ്ഞ ദിവസം ഹുദൈദയിലെത്തിച്ചത്. എണ്ണ പൂർണമായും നീക്കം ചെയ്യാൻ മൂന്നാഴ്ച എടുക്കുമെന്നാണ് കരുതുന്നത്. ശേഷം കപ്പൽ പൊളിച്ചുനീക്കാനാണ് പദ്ധതി. അതിനായി കപ്പൽ കെട്ടിവലിച്ചുകൊണ്ടുപോകും. ഇതിനായി മൊത്തം ചെലവ് 14.8 കോടി ഡോളർ വരുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.