അബഹയിൽ കുന്നിൻ മുകളിലെ വിമാനം ഇനിയവിടെ ഉണ്ടാവില്ല
text_fieldsജിദ്ദ: സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ അബഹയിൽ കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പഴയ വിമാനം നീക്കം ചെയ്യുന്നു. 'സമാ അബഹ' ഗാർഡനോട് ചേർന്ന് കുന്നിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള വിമാനത്തിെൻറ ബോഡി നീക്കം ചെയ്യുമെന്ന് അസീർ മേഖല മുനിസിപ്പാലിറ്റിയാണ് അറിയിച്ചത്.
വിമാനത്തിെൻറ ബോഡി കാലഹരണപ്പെട്ടതും കേടുപാടുകളുള്ളതും ഉപയോഗ ശൂന്യമായതുമാണെന്നും അതിരിക്കുന്ന പ്രദേശം ഒഴിപ്പിച്ച് അവിടം കൂടി അസീർ മേഖല വികസനത്തിന് വേണ്ടി സജ്ജമാക്കുന്നതിനാണ് വിമാനം നീക്കം ചെയ്യുന്നതെന്നും മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വകാര്യ നിക്ഷേപകർ വിമാനം ഏതെങ്കിലും സംരംഭത്തിനായി ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് പിൻവലിഞ്ഞതിനാൽ വിമാനം നിൽക്കുന്ന സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്.
പ്രദേശത്തെ പ്രകൃതിയുടെ സ്വഭാവിക സവിശേഷതകൾ പൂർണമായും സംരക്ഷിക്കാനും നിക്ഷേപകർക്ക് അനുയോജ്യമായ രീതിയിൽ ആ മേഖല വികസിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു. മദീന വിമാനത്താവളത്തിൽ നിന്ന് 2014ലാണ് പഴയ ജംബോ 747 വിമാനം ഇവിടെ എത്തിച്ചത്. അന്നത് കരമാർഗം ട്രക്കിൽ വിവിധ പട്ടണങ്ങളിലൂടെ സഞ്ചരിച്ചാണ് ടൂറിസ്റ്റ് മേഖലയായ അബഹയിലെത്തിയത്. വിമാനത്തിനകം റസ്റ്റോറൻറിനായി ഉപയോഗപ്പെടുത്താൻ നിക്ഷേപകർക്ക് നൽകാനായിരുന്നു മുനിസിപ്പാലിറ്റി പദ്ധതിയിട്ടിരുന്നത്. ചില കാരണങ്ങളാൽ പദ്ധതി വിജയിക്കാതെ പോകുകയായിരുന്നു.
അബഹയിലെ സമാ ഗാർഡനടുത്ത് കുന്നിന് മുകളിൽ സ്ഥാപിച്ച പഴയ വിമാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.