ഒമാൻ-സൗദി പാത: തുറന്നത് അനന്ത സാധ്യതകൾ
text_fieldsദമ്മാം: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ സൗദി അറേബ്യക്കും ഒമാനുമിടയിൽ തുറന്ന അന്തർദേശീയ പാത ഇരുരാജ്യങ്ങളെയും നയിക്കുന്നത് അനന്ത സാധ്യതകളിലേക്ക്.
കഴിഞ്ഞദിവസം ഒമാനിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ഒമാൻ ഭരണാധികാരിയുടെയും സാന്നിധ്യത്തിലാണ് പാത തുറന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിരവധി കടമ്പകൾ പിന്നിട്ടാണ് ചരിത്രം കുറിക്കുന്ന ഈ പാത പൂർത്തിയാകുന്നത്.
2014ൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പാതയാണ് ആറു വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ യാഥാർഥ്യമായത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ കരവഴിയുള്ള സഞ്ചാരദൂരത്തിൽ 16 മണിക്കൂറാണ് ഈ റോഡ് മൂലം കുറയുന്നത്. നേരത്തെ യു.എ.ഇ വഴി സൗദിയുടെ ബത്ഹ അതിർത്തിയിലൂടെയാണ് ഒമാനിലേക്കുണ്ടായിരുന്ന ഏക പാത.
740 കിലോമീറ്ററാണ് സൗദിയിലേക്ക് നേരിട്ട് ഒമാനിലേക്കുള്ള പുതിയ റോഡിെൻറ നീളം. അൽഅഹ്സയിലെ ഹർദ് ഗ്രാമത്തിൽനിന്ന് തുടങ്ങി, അതിർത്തി ഗ്രാമമായ ബത്ഹയിലൂടെ ഷൈബ എണ്ണപ്പാടങ്ങൾ പിന്നിട്ട് ഒമാനിലെ തെക്കുപടിഞ്ഞാറൻ പട്ടണമായ ഇബ്രിയിൽ അവസാനിക്കുന്ന പാതയുടെ 580 കിലോമീറ്ററും കടന്നുപോകുന്നത് സൗദിയിലൂടെയാണ്.
ലോകത്തെ ഏറ്റവും ദുർഘടവും വിജനവുമായ റുബുൽ ഖാലി മരുഭൂമിയെ കീറിമുറിച്ചാണ് ഈ പാത കടന്നുപോകുന്നത്. മികവുറ്റ നിരവധി കമ്പനികളിലെ 600ലധികം ജോലിക്കാരും യന്ത്രസാമഗ്രികളും കഠിനയത്നം നടത്തി 130 ക്യുബിക് മീറ്റർ മണ്ണ് നീക്കിയാണ് റോഡ് പാകപ്പെടുത്തിയത്. ഒമാനും സൗദിക്കും ഇടയിൽ ദൃഢമായ ഉഭയകക്ഷി ബന്ധങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.
ലോകത്തിലെതന്നെ ഏറ്റവും വലുതും പ്രാചീനവുമായ ഈന്തപ്പന തോട്ടങ്ങളും അരുവികളും താഴ്വരകളുമുള്ള അൽഅഹ്സയുടെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ സജീവമാകാനും ഈ പാത കാരണമാകും. അൽഅഹ്സയിലെ പ്രാചീന ചന്തകൾ സഞ്ചാരികൾക്ക് ഏറെ പ്രിയമാണ്.
സഞ്ചാരദൂരം കുറയുന്നതോടെ കച്ചവടസാധ്യത വർധിക്കും. ഒപ്പം അറബ് സംസ്കാരരീതികളുടെ വ്യത്യസ്ത ശീലങ്ങൾ പിന്തുടരുന്നവർക്കിടയിലെ കൂടിച്ചേരലുകൾ സാംസ്കാരിക വളർച്ചക്കും ഉതകുന്നതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിലുപരി റുബുൽ ഖാലി കടന്നുപോവുക എന്നത് ഓരോ അറബ് പൗരെൻറയും സ്വപ്നംകൂടിയാണ്. ഒട്ടകപ്പുറത്ത് ഇത് മുറിച്ചുകടന്ന് യാത്ര ചെയ്തവരെ അറബ് ലോകം വലിയ സാഹസികരായി വാഴ്ത്തിയിരുന്നു.
അപ്രതീക്ഷിത കാറ്റും മണൽച്ചുഴികളും രൂപപ്പെടുന്ന ഈ ഭാഗം ലോകസഞ്ചാരികൾക്കും പേടിസ്വപ്നമായിരുന്നു.
ചരിത്രത്തിലെ ഈ വേവലാതികളാണ് ഇരു രാജ്യങ്ങളുടേയും ഇച്ഛാശക്തിയിലൂടെ ഇപ്പോൾ മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.