ഒമിക്രോൺ ആശങ്കാജനകം, മുൻകരുതലെടുത്താൽ വ്യാപനം കുറക്കാം -സൗദി അരോഗ്യ മന്ത്രാലയം
text_fieldsജിദ്ദ: കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കാജനകമാണെന്നും മുൻകരുതലെടുത്താൻ വ്യാപനം കുറക്കാമെന്നും സൗദി ആരോഗ്യ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ അലി പറഞ്ഞു. ഒമിക്രോൺ രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനത്തിലാണ് ആരോഗ്യ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് 21 ലധികം രാജ്യങ്ങളിൽ ഒമിക്രോൺ ബാധ കണ്ടെത്തിയിട്ടുണ്ട്. സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയെ ക്വാറൻറീനിലാക്കുകയും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരുടെ ആരോഗ്യ സുരക്ഷ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. പുതിയ വകഭേദമായ ഒമിക്രോണിെൻറ വരവ് ആശങ്കാജനകമാണ്. അണുബാധയുടെ തീവ്രതയും വ്യാപനത്തിെൻറ വേഗതയും കൂടുതലാണ്. ആളുകൾക്കിടയിൽ വൈറസുകൾ പകരുന്നത് പുതിയ വകഭേദത്തിന്റെ പ്രത്യേകതയാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് പകർച്ചവ്യാധി സാഹചര്യം നേരിടാൻ സ്ഥിരമായ സംവിധാനമുണ്ട്. രണ്ട് ഡോസ് അല്ലെങ്കിൽ ഒരു ബൂസ്റ്റർ ഡോസ് ഉപയോഗിച്ചും പ്രതിരോധ നടപടികൾ പാലിച്ചും ഒമിക്രോണിൽ നിന്ന് ജനങ്ങൾ സ്വയംരക്ഷ നേടണം. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തത് കോവിഡ് വകഭേദങ്ങൾ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വ്യക്തമായ കാര്യമാണ്. ഒമിക്രോൺ വൈറസിെൻറ പാർശ്വഫലങ്ങൾ മുമ്പത്തെ വൈറസുകളുടെ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമല്ല. ഡൽറ്റയേക്കാൾ 30 ശതമാനം പകർച്ചാ സാധ്യത കൂടുതലാണ്.
പൊതുസ്ഥലങ്ങളിലും തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. കൈകൾ കഴുകുക, പതിവായി അണുവിമുക്തമാക്കുക, യാത്രക്കാർക്ക് നിലവിൽ നിശ്ചയിച്ചിരിക്കുന്ന എല്ലാ മുൻകരുതൽ നിർദേശങ്ങളും പാലിക്കുക തുടങ്ങിയവ വിട്ടുവീഴ്ച്ച ഇല്ലാതെ തുടരണം. പ്രതിരോധ കുത്തിവെയ്പ്പിനു ആറ് മാസത്തിന് ശേഷം ആളുകളിൽ പ്രതിരോധശേഷി കുറയുമെന്ന് വക്താവ് പറഞ്ഞു. ആരോഗ്യ മന്ത്രാലയം കോവിഡ് വകഭേദങ്ങളെ നിരീക്ഷിക്കുകയും അവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. കോവിഡിെൻറയും അതിെൻറ വകഭേദങ്ങളെയുംകുറിച്ചുള്ള കിംവദന്തികളും തെറ്റായ വിവരങ്ങളും തള്ളിക്കളയുക. പകർച്ചവ്യാധികളെ നേരിടാൻ രാജ്യത്തിന് കഴിവും അനുഭവ പരിജ്ഞാനവും ഉണ്ട്. വ്യക്തിയെയും സമൂഹത്തെയും സംരക്ഷിക്കാൻ നിലവിലെ നടപടികൾ പര്യാപ്തമാണെന്നും പ്രതിരോധ നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ തുടർച്ചയായ വിലയിരുത്തലിന് വിധേയമാണെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.