സൗദിയിൽ ഓൺ അറൈവൽ വിസ പുനരാരംഭിച്ചു
text_fieldsഅമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ മേഖല വിസയുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കാം
അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: സൗദി അറേബ്യ വിസ ഓൺ അറൈവൽ പദ്ധതി പുനരാരംഭിച്ചു. ഇതോടെ അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ മേഖല (Schengen area) വിസയുവർക്ക് സൗദിയിലേക്ക് പ്രവേശിക്കാം. കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ പ്രവേശന നിയന്ത്രണങ്ങൾ സൗദി അറേബ്യ നീക്കിയതിനെ തുടർന്നാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. അമേരിക്ക, ബ്രിട്ടൻ, ഷെൻഗൻ എന്നീ മൂന്ന് വിസകളിലൊന്നുള്ളവരും ദേശീയ എയർലൈനുകളായ സൗദി എയർലൈൻസ്, നാസ് എയർ, ഫ്ലൈ അദീൽ എന്നിവയിലൂടെ യാത്ര ചെയ്ത് സൗദി അറേബ്യയിലെത്തുന്നവർക്ക് മുൻകുട്ടി അപേക്ഷ സമർപ്പിക്കാതെ 12 മാസത്തെ ടൂറിസ്റ്റ് വിസ ലഭിക്കുന്നതാണ്. സൗദിയിൽ പ്രവേശിക്കുന്നതിനുമുമ്പ് ഒരിക്കലെങ്കിലും വിസ നൽകിയ രാജ്യത്ത് പ്രവേശിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 2019ൽ ആരംഭിച്ച ഇ-വിസ പ്രോഗ്രാമിന് അർഹരായ രാജ്യങ്ങളിലെ പൗരന്മാർക്കും വിസ ഓൺ അറൈവൽ അവസരം ലഭ്യമാകും. എല്ലാ സന്ദർശകർക്കും കോവിഡിനെതിരെയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം. ഇത് എത്തിച്ചേരുമ്പോൾ സൗദിയിലെ എല്ലാ അന്താരാഷ്ട വിമാനത്താവളങ്ങളിൽനിന്നും ലഭിക്കും.
വിനോദസഞ്ചാരത്തിനോ ജോലിക്കോ വേഗത്തിലെത്താൻ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് സൗദി അറേബ്യയെന്ന് വിസ ഓൺ അറൈവൽ പുനരാരംഭിച്ചതിനോടനുബന്ധിച്ച് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. ഹജ്ജ്, ഉംറ നിർവഹണത്തിനും എളുപ്പത്തിൽ സൗദിയിലെത്താം. ഇത് വിനോദസഞ്ചാര മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും തൊഴിലവസരങ്ങളും നിക്ഷേപ അവസരങ്ങളും ലഭ്യമാക്കുന്നതിനും സഹായിക്കുന്നതാണ്. സൗദിയിലെ ടൂറിസം സ്ഥലങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ, ലാൻഡ് മാർക്കുകൾ, സംസ്കാരം, പൈതൃകം, ഉദാരത എന്നിവ ആസ്വദിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ സന്ദർശകരെയും വിനോദസഞ്ചാരികളെയും ഞങ്ങൾ ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നും ടൂറിസം മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.