അൽ മൂസ ആശുപത്രിയിൽ ‘ഓണം പൊന്നോണം’
text_fieldsഅൽ അഹ്സ: ഈ വർഷത്തെ പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ തുടക്കമായി. അൽ മൂസ ആശുപത്രിയിലെ മലയാളി കൂട്ടായ്മയാണ് ‘ഓണം പൊന്നോണം’ എന്ന പേരിൽ ചിങ്ങം രണ്ടിന് തന്നെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ സാംസ്കാരിക സമ്മേളനം അൽ മൂസ ആശുപത്രി ചീഫ് ഫിനാൻഷ്യൽ ഓഫിസർ ശൈലേഷ് ചന്ദർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഷിബി മോഹനൻ അധ്യക്ഷത വഹിച്ചു.
ഹനീഫ മൂവാറ്റുപുഴ (നവോദയ), ഉമർ കോട്ടയിൽ (ഒ.ഐ.സി.സി), ഡോ. ഛായാ സുനിൽ, ഉണ്ണികൃഷ്ണൻ നായർ, ഹിരൺ ദാസ്, റിജോ ഉലഹന്നാൻ, അനൂപ് മാത്യു, മോബിൻ, അജയ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. ജാനിഷ് സ്വാഗതവും രക്ഷാധികാരി ലിജു വർഗീസ് നന്ദിയും പറഞ്ഞു. ശ്രീവൈഗ ഷിബി ഇരുകണ്ണുകളും കെട്ടി പിയാനോയിൽ വായിച്ച ദേശീയഗാനം സദസ്സിന്റെ കരഘോഷം ഏറ്റുവാങ്ങി.
ചെണ്ടമേളങ്ങളുടെയും മാവേലിയുടെയും അകമ്പടിയോടെ ആരംഭിച്ച കലാവിരുന്ന് ആഘോഷ പരിപാടികളെ വർണാഭമാക്കി. മലയാളി മങ്കമാരുടെ തിരുവാതിരയും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും അൽഅഹ്സയിലെ കലാപ്രതിഭകൾ ഒരുക്കിയ സംഗീതവിരുന്നും സദസ്സിനെയാകെ ഇളക്കിമറിച്ചു.
ദമ്മാമിലെ കലാ സാംസ്കാരിക സംഘടനയായ ‘കെപ്റ്റ’ അണിയിച്ചൊരുക്കിയ ‘നാട്ടരങ്ങ്’ ഹസ്സയിലെ കലാസ്വാദകർക്ക് വേറിട്ടൊരനുഭവമായി. നാടൻപാട്ടുകളുടെ അകമ്പടിയോടെ തെയ്യം, കൂടിയാട്ടം, മാപ്പിളപ്പാട്ടിലെ നാടൻപാട്ടുൾപ്പെടെ നാടൻ കലാരൂപങ്ങളുമായി രണ്ടര മണിക്കൂർ തകർത്താടിയ കെപ്റ്റയുടെ പരിപാടികൾ അൽ അഹ്സ മലയാളികൾക്ക് ഇതാദ്യമായി ലഭിച്ച ഓണസമ്മാനമായി. കലാപരിപാടികൾക്കിടയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യ ഒരേസമയം മനസ്സും വയറും നിറച്ച വിരുന്നായി. ഗീത ഷെട്ടി അവതാരകയായിരുന്നു. തികച്ചും വൈവിധ്യങ്ങളായ കലാവിരുന്നൊരുക്കി അൽ അഹ്സ അൽ മൂസ ആശുപത്രി മലയാളീസ് അണിയിച്ചൊരുക്കിയ ‘ഓണം പൊന്നോണം’ അൽ അഹ്സയിലെ കലാപ്രേമികൾക്കും സദ്യരുചി ആസ്വാദകർക്കും വേറിട്ടൊരനുഭവം തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.