ഓണത്തിനൊരുങ്ങി മലയാളികൾ, പ്രവാസത്തിലും ആഘോഷപ്പൂരങ്ങളുടെ നാളുകൾ
text_fieldsദമ്മാം: പ്രവാസികൾക്ക് ഓർമകളുടെ ഉത്സവമാണ് ഓണം. എത്ര ദൂരത്തായാലും ഏതു ദുരിതത്തിലും മലയാളികൾക്ക് ഓണാഘോഷങ്ങളെ ഒഴിവാക്കാനാവില്ല. പൊന്നോണത്തിന് ദിവസങ്ങൾ മാത്രം അകലെ നില്ക്കുമ്പോള് പ്രവാസസമൂഹം ഓണം ആഘോഷിക്കാനുള്ള ഉത്സാഹത്തിമിർപ്പിലാണ്. ഓണമെത്തുന്നതിനു മുമ്പുള്ള അവധി ദിവസങ്ങളിൽതന്നെ ആഘോഷത്തിന് പലരും തുടക്കമിട്ടു. അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയെങ്കിലും സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും എന്നതും ആഘോഷത്തിന് മാറ്റുകൂട്ടുന്നുണ്ട്.
സൗദിയുടെ മാറിയ സാഹചര്യത്തിൽ കഴിവതും നാടിനേക്കാൾ കേമമായി ഓണമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സംഘടനകൾ. പൂക്കളവും തിരുവാതിരയും തുമ്പിതുള്ളലും പുലികളിയും ശിങ്കാരിമേളവും ഉൾപ്പെടെ ഓണം എല്ലാ ഗരിമയോടെയും ആഘോഷിച്ച് തിമിർക്കാൻ ഒരുക്കം പൂർത്തിയായി. അൽഅഹ്സയിലെ അൽമുസ ആശുപത്രിയിലെ മലയാളി ജീവനക്കാർ ഇതിനകം ഓണാഘോഷത്തിന് തുടക്കമിട്ടു. സെപ്റ്റംബർ ഒന്നിന് ഡ്രീം കാച്ചേഴ്സും രണ്ടിന് ഒ.ഐ.സി.സിയും വിപുലമായ ഓണാഘോഷം ഒരുക്കി. വരും ആഴ്ചകളിലെല്ലാം വിവിധ സംഘടനകൾ ഓണാഘോഷങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദമ്മാമിലെ ലുലുമാളിൽ ഈസ്റ്റേൺ കമ്പനിയുടെ സഹകരണത്തോടെ ഒരുക്കിയ ഓണച്ചന്ത സന്ദർശിക്കാനെത്തിയത് നൂറുകണക്കിന് മലയാളികളാണ്. നാടിന്റെ ഓർമകളെ പരമാവധി തന്മയത്തോടെ അവതരിപ്പിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
നാട്ടിൻപുറത്തിന്റെ നന്മകളിൽ തിളങ്ങുന്ന ഓണക്കാഴ്ചകളാണ് ഓണച്ചന്തയിൽ പ്രധാനമായും ഒരുക്കിയത്. ഇത്തവണ പ്രവൃത്തിദിനമായ ചൊവ്വാഴ്ചയാണ് തിരുവോണമെങ്കിലും സകുടുംബമായി താമസിക്കുന്ന മലയാളികള്‍ ജോലിക്ക് അവധി നല്കി അന്നുതന്നെ ഓണം ആഘോഷിക്കാനുള്ള തീരുമാനത്തിലാണ്.
ബാച്ചിലര്‍ റൂമുകള്‍ അടുത്ത അവധിദിവസത്തേക്ക് ഓണാഘോഷം മാറ്റിവെച്ചു. ഓണം അടുത്തെത്തിയതോടെ ഓണവിപണിയും സജീവമായി. മലയാളികളുടെ മനസ്സറിഞ്ഞ് സദ്യവട്ടങ്ങള്‍ക്കുള്ള വിഭവങ്ങള്‍ തന്നെയാണ് പ്രധാനമായും വിപണി കീഴടക്കുന്നത്. പച്ചക്കറികളുടെ തീപിടിച്ച വില ഇത്തവണത്തെ ഓണസദ്യയുടെ മാറ്റുകുറക്കുമെങ്കിലും വിപണിയില്‍ തിരക്കിന് കുറവൊന്നുമില്ല.
വാഴയിലയും ഉപ്പേരികളും ഉൾപ്പെടെ ഓണസദ്യയുടെ അവിഭാജ്യ ഘടകങ്ങളെല്ലാം ഒന്നിച്ചണിനിരത്താന്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഓണക്കോടികള്‍ക്കൊപ്പം വൈവിധ്യ ഫാഷന്‍ വസ്ത്രങ്ങളും പ്രവാസികളെ കാത്ത് വിപണിയിലെത്തി. സ്കൂളവധി കഴിഞ്ഞതും വിമാനടിക്കറ്റുകളുടെ നിരക്ക് ഉയർന്നതും ഓണമാഘോഷിക്കാനുള്ള പ്രവാസിയുടെ നാട്ടിലേക്കുള്ള യാത്രക്ക് തടയിട്ടിട്ടുണ്ട്. ബസുമതി ഒഴികെയുള്ളവയുടെ കയറ്റുമതി ഇന്ത്യ തടഞ്ഞതോടെ അരിക്കും വിലയേറി.
പഴയ സ്റ്റോക്കുകൾ ഉള്ളതിനാൽ ഇത്തവണ അധികം വിലവർധിപ്പിക്കാതെതന്നെ വിപണിയുടെ ആവശ്യത്തിനുള്ള അരിയെത്തിക്കാൻ കഴിഞ്ഞുവെന്ന് ഈസ്റ്റേൺ കമ്പനി ബി.ഡി.ഒ മുഷാൽ തഞ്ചേരി പറഞ്ഞു. വില വർധിപ്പിക്കേണ്ട സാഹചര്യത്തിലും മലയാളികളുടെ ഓണാഘോഷം സമൃദ്ധമാക്കാൻ പ്രത്യേക നിരക്കിളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിൽനിന്ന് കലാകാരന്മാരുടെ കൂട്ടത്തോടെയുള്ള ഒഴുക്ക് ഓണാഘോഷങ്ങളെ കന്നി മാസം വരെ നീട്ടും. സ്കൂൾ തുറക്കുന്നത് നീട്ടിയതോടെ കുറെ കുടുംബങ്ങൾ അവധികഴിഞ്ഞുള്ള തിരികെയാത്ര നാട്ടിൽ ഓണം കൂടിയതിനു ശേഷമാക്കി.
ഓണാഘോഷങ്ങൾക്കുള്ള സ്ഥിരം മാവേലിവേഷം കെട്ടുന്നവർക്ക് തിരക്ക് തുടങ്ങിക്കഴിഞ്ഞു. വെള്ളിയാഴ്ചകളിൽ ഏഴു പരിപാടികൾക്കുവരെ ബുക്കിങ് ലഭിച്ചുകഴിഞ്ഞതായി സ്ഥിരം മാവേലിയാകുന്ന കരുനാഗപ്പള്ളി സ്വദേശി ജിൻഷാദ് പറഞ്ഞു. മേക്കപ്പിന് ഒരു സഹായിയെക്കൂടി കൂട്ടാതെ തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂക്കൾവെച്ച് പൂക്കളം തീർക്കുക എന്നത് വലിയ അംഗീകാരമായി കാണുന്നതിനാൽ നാട്ടിൽനിന്ന് പ്രത്യേകം പൂക്കൾ എത്തിച്ച് പൂക്കളം തീർക്കാനും ചില സംഘടനകൾ സംവിധാനങ്ങൾ ഒരുക്കി. മലയാളികൾക്ക് എവിടെയായാലും ഓണത്തിന്റെ സമൃദ്ധിയെ തിരസ്കരിക്കാനാവില്ല എന്ന് വ്യക്തമാക്കുന്നതാണ് ആഘോഷ ഒരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.