ഓണം ഗംഭീരമാക്കാൻ പ്രവാസികളും ഉത്രാടപ്പാച്ചിലിൽ
text_fieldsദമ്മാം: മഹാമാരി കവർന്ന മൂന്ന് വർഷങ്ങൾക്ക് ശേഷംആഘോഷിക്കാൻ കിട്ടിയ ഓണത്തെ ഗംഭീരമാക്കാനുള്ള ഓട്ടത്തിലാണ് പ്രവാസികൾ. ദുരിതങ്ങളുടെ കാർമേഘങ്ങൾ പെയ്തുതോർന്ന പുതിയ വർഷത്തിൽ പഴയ നഷ്ടങ്ങളെ മുഴുവൻ നികത്തി ആഘോഷ പ്രതാപങ്ങളെ തിരിച്ച പിടിക്കാൻ പ്രവാസി സംഘടനകൾ ഒരുങ്ങികഴിഞ്ഞു. മലയാളികളുടെ ഓണാഘോഷങ്ങളെ മനസ്സറിഞ്ഞ് പിന്തുണച്ച് വമ്പൻ ഓഫറുകളുമായി ഹൈപർ, സൂപർ മാർക്കറ്റുകളും വസ്ത്രശാലകളും ഓണ ലൈൻ വ്യാപാരസംഘങ്ങളും രംഗത്ത് എത്തിയതോടെ നാടിനേക്കാൾ ഗരിമയിൽ ഗൾഫിലെ ഓണം കെങ്കേമമാകുമെന്നുറപ്പ്.
സ്കൂൾ അവധിപ്രമാണിച്ച് നാട്ടിൽ പോയ കുടുംബങ്ങളിൽ മിക്കവയും സ്കുൾ തുറന്നതോടെ ഗൾഫിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നാട്ടിൽ മഴ കവർന്ന ഓണക്കാലത്തിനപ്പുറത്ത് ഗൾഫിലെ ചൂടു കുറഞ്ഞുവരുന്ന സുഖകരമായ കാലാവസ്ഥ ഓണാഘോഷങ്ങൾക്ക് അനുകൂല സാഹചര്യമാകുന്നുണ്ട്.
വ്യാഴാഴ്ചയാണ് ഓണമെങ്കിലും അവധി ദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിലാണ് ഓണാഘോഷത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ദീർഘമായ ഇടവേളക്ക് ശേഷമായതിനാൽ ഏതാണ്ടെല്ലാ സംഘടനകളും ആഘോഷങ്ങൾ ഒരുക്കുന്നതിനാൽ ഓണക്കാലം, കന്നി മാസം വരെ നീണ്ടു പോകുമെന്നുറപ്പാണ്. ഹൈപർ മാർക്കറ്റുകൾ മലയാളിക്ക് ഒരു കുറവും കൂടാതെ ഓണം കൂടാനുള്ള എല്ലാ വിഭവങ്ങളും നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്. കൂടാതെ അവധി കഴിഞ്ഞെത്തിയ മലയാളി കുടുംബങ്ങൾ അമ്മമാർ നാട്ടിൽനിന്ന് തയാറാക്കിക്കൊടുത്തയച്ച ഉപ്പേരികളും ഓണാഘോഷത്തിനായി കരുതിവെച്ചിട്ടുണ്ട്. ഓണക്കോടിയും കസവുമുണ്ടും ജുബ്ബയുമെല്ലാം കുറഞ്ഞനിരക്കിൽ ഹൈപർ മാർക്കറ്റുകളിൽ നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു. ഓണക്കോടിയെടുക്കാനും ഓണവിഭവങ്ങൾ വാങ്ങാനും പലകടകൾ കയറിയിറങ്ങണ്ട എന്നതാണ് ഹൈപർ മാർക്കറ്റുകൾ മലയാളികൾക്ക് നൽകുന്ന ആശ്വാസം.
'വാഴയില' തന്നെയാണ് ഇത്തവണയും ഓണാഘോഷത്തിലെ പ്രധാന താരം. രണ്ട് റിയാൽ വരെ ഒരിലക്ക് വിലയുണ്ട്. ചില ഹൈപർ മാർക്കറ്റുകൾ ഇലക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരാൾക്ക് മൂന്ന് ഇലയിൽ കൂടതൽ കൊടുക്കില്ലെന്നാണ് നിയമം. ഉപ്പേരിയും ശർക്കരപെരട്ടിയും കദളിപ്പഴവുമൊക്കെ വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാണ്. മിക്ക സംഘടനകളും ഓണ സദ്യയുൾപ്പടെയുള്ള ഓണപ്പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. തിരുവോണ ദിവസം മലയാളികൾ അധികം ജോലിചെയ്യുന്ന പല കമ്പനികളും ഓണസദ്യകൾ സംഘടിപ്പിച്ചിട്ടുണ്ട്. സദ്യയിലെ വിഭവങ്ങളുടെ എണ്ണത്തിലുള്ള മത്സരമാണ് ഹോട്ടലുകൾ തമ്മിൽ നടക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച ബുക്കിങ് ഉത്രാട ദിവസം പൂർത്തിയാക്കി.
25 റിയാൽ മുതൽ 40 റിയാൽ വരെ വിലയാണ് ഓണസദ്യക്ക് റസ്റ്റോറൻറുകൾ ഈടാക്കുന്നത്. ഓണസദ്യയുണ്ടാക്കാൻ താൽക്കാലിക പാചകക്കാരെ തേടിയും ഹോട്ടലുകാർ പരക്കം പായുകയായിരുന്നു. ഓണപ്പൂക്കളമൊരുക്കാൻ പൂക്കളൊന്നും കിട്ടാൻ സാധ്യതയില്ലാത്തതിനാൽ പതിവുപോലെ തേങ്ങാപ്പൊടിയും ഉപ്പും നിറങ്ങൾ ചേർത്ത് അതുകൊണ്ട് പൂക്കളം വരച്ച് തൃപ്തിപ്പെടുകയാണ്. ഇത്തവണ പലയിടത്തും പ്രത്യക്ഷപ്പെടുന്ന മാവേലി ന്യൂജൻ സ്റ്റൈലിലാണ്. ഓണമെത്തുന്നതിന് മുമ്പേ കിട്ടിയ അവധി ദിവസമെന്നനിലയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഓണാഘോഷം സംഘടിപ്പിച്ച സംഘടനകളുമുണ്ട്. കിഴക്കൻ പ്രവിശ്യയിൽ നവോദയ അങ്ങനെ ഓണത്തിനെ ആഘോഷിച്ച് കയറി. ഗൃഹാതുരത്വമുള്ള ഓർമകളെ തിരസ്കരിക്കാൻ കഴിയാത്ത മലയാളിക്ക് പ്രവാസ മണ്ണിലും ഓണത്തെ ഗംഭീരമായി ആഘോഷിക്കാതെ വയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.