ഓണാഘോഷ നിറവിൽ പ്രവാസികൾ
text_fieldsജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ
ജിദ്ദ: സൗദി ജർമൻ ആശുപത്രിയിലെ മലയാളി സംഘടന ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി ജീവനക്കാർക്ക് പുറമെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ജീവനക്കാരും കുടുംബവും ആഘോഷത്തിൽ പങ്കെടുത്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ആക്ടിങ് കോൺസൽ ജനറൽ മുഹമ്മദ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സി.ഇ.ഒ എൻജിനീയർ അഹമ്മദ് അൽ ബന്ന, സി.ഒ.ഒ ഷരീഫ് അൽ ഹവാരി, സി.എം.ഒ ഡോ. ഹാനി ബറൂൺ, സി.എൻ.ഒ ഹാദിയ അൽ തബാഷ്, എ.സി.എൻ.ഒ അസ്ഖർ ഹുസൈൻ തുടങ്ങിയവർ ആഘോഷപരിപാടിയിൽ പങ്കെടുത്തു.
തിരുവാതിരക്കളി, കൈകൊട്ടിക്കളി, സംഘനൃത്തം, ഗാനങ്ങൾ, വിവിധ തരം ഓണക്കളികൾ എന്നിവ നടന്നു. ജിദ്ദ ഡാൻസേഴ്സ് ഗ്രൂപ്പിന്റെ ഡാൻസ്, ജിദ്ദ തീവണ്ടി ഗ്രൂപ്പിന്റെ ഗാനമേള, സ്റ്റാഫിന്റെ വടംവലി എന്നിവയും ആഘോഷത്തിന് കൊഴുപ്പേകി. മാവേലിയുടെ അവതരണം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു. ജിൻസൺ, അനിൽ, മുസ്തഫ, അജീഷ്, അശ്വതി, ജൂബി, ഷൈനി, അഖില എന്നിവർ നേതൃത്വം നൽകി.
വൈസ്മെൻ ഇന്റർനാഷനൽ ക്ലബ്
ദമ്മാം: വൈസ്മെൻ ഇൻറർനാഷനൽ മിഡിലീസ്റ്റ് റീജ്യൻ സോൺ വൺ ഡിസ്ട്രിക്ട് ത്രീ ക്ലബ് ഓണാഘോഷം ‘ആർപ്പോ 23’ എന്ന പേരിൽ സംഘടിപ്പിച്ചു. ദമ്മാം അൽ മോജിൽ കോമ്പൗണ്ടിൽ ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രസിഡൻറ് ലെനി വൈദ്യൻ അധ്യക്ഷത വഹിച്ചു.
തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ഉണ്ണൂണ്ണി ഷിബു ഓണസന്ദേശം നൽകി. ജസ്റ്റി എൽസ വർഗീസ്, മെർലിൻ ലെനി വൈദ്യൻ, ഏബൽ മാത്യു ജോസഫ്, റൂബൻ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഷിബു ഇറപ്പുഴ സ്വാഗതവും ട്രഷറർ സ്റ്റീഫൻ നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവരും അവരവരുടെ നാട്ടിലെ പഴയകാല ഓണസ്മരണകൾ അയവിറക്കി.
ഒപ്പം നാടൻ ഓണക്കളികൾ അവതരിപ്പിച്ചതും പുതുതലമുറക്ക് കൗതുകം പകർന്നു. ലിയാന്ന ലെനി വൈദ്യൻ, സാറാ സ്റ്റീഫൻ, അലീസ അനീഷ്, അൻറിത റഫി, മരിയ ടോമിൻ, ജോസഫ് ടോമിൻ, സാരംഗ് രഞ്ജിത്, എയ്ഡൻ അനീഷ്, മാത്യു ജോൺ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
തബൂക്ക് ലയൺസ് ക്ലബ് ഓണാഘോഷം
തബൂക്ക്: കലാകായിക രംഗങ്ങളിൽ കാലങ്ങളായി വ്യക്തിമുദ്ര പതിപ്പിച്ച തബൂക്കിലെ മലയാളി കൂട്ടായ്മ ലയൺസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ‘ഒന്നിച്ചോണം 2023’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ മദീന റോഡിലുള്ള ഹയാത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷം നടന്നത്. ലയൺസ് എക്സിക്യൂട്ടിവ് അംഗവും ക്ലബിന്റെ സീനിയർ അംഗവുമായ ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ശുഹൈബ് അധ്യക്ഷത വഹിച്ചു. നൂറോളം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ നാല് ടീമുകളായി തിരിച്ച് പത്തോളം കലാകായിക മത്സരയിനങ്ങൾ സംഘടിപ്പിച്ചു. ജോലിമാറ്റം കാരണം തബൂക്കിൽനിന്ന് യാത്രയാവുന്ന ക്ലബിന്റെ സെക്രട്ടറിയും മികച്ച സംഘാടകനുമായ ഫൈസലിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. എക്സിക്യൂട്ടിവ് അംഗം നാസർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.