പ്രവാസോണം കെങ്കേമമാക്കി വിപണിയും
text_fieldsമലയാള നന്മയുടെ കഥയും കാഴ്ചയും രുചിസമൃദ്ധിയും കടൽ കടന്നു പ്രവാസലോകത്ത് നിറയുകയാണ്. ഓരോ ഓണക്കാലത്തും വൈവിധ്യങ്ങൾകൊണ്ട് മലയാളികൾ അതിനു മാറ്റുകൂട്ടും. നാട്ടിൽ നിന്നുള്ളതിനേക്കാൾ ഓണം അതിന്റെ ഗരിമയിൽ കൊണ്ടാടാൻ പ്രവാസി മലയാളികൾ ഒട്ടു മുന്നിലാണ് താനും. നാട്ടിൽ സർക്കാറും സ്ഥാപനങ്ങളും ക്ലബുകളും ഹൗസിങ് സൊസൈറ്റികളും ഒക്കെ കൂടി ഓണം വിപുലമായി ആഘോഷിക്കുമ്പോൾ ഇവിടെയും തനിമ ചോരാതെ നോക്കാൻ പ്രവാസി മലയാളികളും ശ്രദ്ധിക്കാറുണ്ട്.
ക്ലബുകൾ, വിവിധ പ്രവാസി സാമൂഹിക സാംസ്കാരിക സംഘടനകൾ, സ്ഥാപനങ്ങൾ ഒക്കെത്തന്നെ ഓണം ആഘോഷിക്കാൻ മുന്നിലാണ്. ഒരു ആഴ്ചകൊണ്ടോ ഒരു മാസം കൊണ്ടോ അതവസാനിക്കുന്നില്ലെന്ന് മാത്രം. പ്രവാസി ഓണത്തെ ഉണർത്താൻ വിപണിക്ക് വലിയ പങ്കാണുള്ളത്. എല്ലാത്തരം ആഘോഷങ്ങളെയും പ്രവാസികൾ സർവാത്മനാ സ്വീകരിക്കാറാണ് പതിവ്. ഓണത്തിന് ആദ്യം ഒരുങ്ങുന്നത് വിപണിയാണ്.
ആഴ്ചകൾക്കു മുമ്പേ കേരളീയ മുഖം തന്നെ ഒരുക്കിയെടുക്കാൻ വാണിജ്യ-വിപണന സ്ഥാപനങ്ങൾ ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ചും മലയാളി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ.
നാടിന്റെ പരിച്ഛേദം ഒരുക്കുക മാത്രമല്ല, അവിടെ നിറയെ നാട്ടുവിഭവങ്ങൾകൊണ്ട് നിറക്കുകയും ചെയ്യുന്നു. മലയാളിയുടെ ആഘോഷത്തെ ചലനാത്മകമാക്കാൻ വിപണിക്കുള്ള പങ്ക് അതുകൊണ്ട് തന്നെ വളരെ വലുതാണെന്ന് പറയാം. അരിയും മറ്റ് എല്ലാത്തരം കാർഷിക ഉൽപന്നങ്ങളും കഴിയുന്നത്ര എത്തിച്ച് ‘ഓണച്ചന്ത’ തന്നെയാകും പിന്നെ ഇവിടെ ഒരുങ്ങുക.
കായും കായ വറുത്തതും വാഴയിലയും മത്തനും ചേനയും പടവലങ്ങയും കണിവെള്ളരിയും മുരിങ്ങയും എന്ന് വേണ്ട സദ്യക്കുള്ള എല്ലാം നാട്ടിലേക്കാൾ സുലഭം, സമൃദ്ധം. വിഭവങ്ങൾ ഒരുക്കിവെക്കുന്നത് കാണാൻ തന്നെ കൗതുകകരമാണ്. പ്രത്യേകം തയാർ ചെയ്ത വലിയ ചുണ്ടൻ വള്ളങ്ങളിലും കാളവണ്ടികളിലും ഒക്കെയാണ് കാർഷിക വിഭവങ്ങൾ ഇടം പിടിക്കുക.
നാട്ടുപാതയും വഴിക്കിണറും വലിയ ആൽമരവും ഒക്കെ ചേർന്ന് കേരളത്തിലെ നാട്ടിൻപുറമെന്ന പ്രതീതി ജനിപ്പിക്കും ഈ കാഴ്ച കൗതുകങ്ങൾ. ഓണക്കളികളും പരിമിത സൗകര്യങ്ങളിൽ ക്രമീകരിക്കുന്നുണ്ട്. പുലികളിക്കാരെയും മാവേലിയെയും ഒക്കെ ഇറക്കി സമ്മാനങ്ങൾ നൽകി വ്യാപാരകേന്ദ്രങ്ങൾ തങ്ങളുടെ ഉപഭോക്താക്കളുടെ ശ്രദ്ധ നേടാറുമുണ്ട്.
തീർന്നില്ല, സദ്യവട്ടങ്ങൾക്ക് വിഭവങ്ങൾ ഒരുക്കി നൽകുന്നതോടൊപ്പം വമ്പൻ പാചക സെലിബ്രിറ്റികളുടെ നേതൃത്വത്തിൽ തിരുവോണസദ്യ തന്നെ ക്രമീകരിക്കാറുണ്ട്. മറ്റൊന്ന് പായസ സമൃദ്ധിയാണ്. മാധുര്യമൂറുന്ന പായസം പത്തിലധികമാണ് വലിയ ഹൈപ്പർ മാർക്കറ്റുകളിൽ ഉപഭോക്താക്കൾക്കായി തയാറാക്കുന്നത്.
സേമിയ, അരി, മാമ്പഴം, പഴം, അട, പരിപ്പ്, പാൽ, നെയ്യ്, ഈന്തപ്പഴം, ഗോതമ്പ്, പാലട എന്നിങ്ങനെ പോകുന്നു പായസങ്ങളുടെ നീണ്ട പട്ടിക. ഒന്നാം ഓണം മുതൽ തിരുവോണം വരെ പായസങ്ങൾക്ക് മാത്രമായി പ്രത്യേക കൗണ്ടറുകൾ വരെ ഉണ്ടാകാറുണ്ട്.
സദ്യക്കും സദ്യവട്ടങ്ങൾക്കും മാത്രമല്ല കേക്കിലുമുണ്ട് പ്രവാസി ഓണപ്പുതുമ. ഓണത്തിന് മാത്രമായി ആശംസ കേക്കുകളും ഇക്കുറി വൈവിധ്യത്തോടെ പുറത്തിറക്കിയിട്ടുണ്ട്. അതിലേറെ കൗതുകകരമായിട്ടുള്ളത് കേക്കുകൊണ്ട് ഒരുക്കിയെടുത്ത ഓണസദ്യയാണ്. ഇലയിലെ വിഭവങ്ങൾക്കൊപ്പം പഴവും പപ്പടവും കേക്കിൽ വിരിയിച്ച് എടുത്തത് പുതുമ മാത്രമല്ല, വിസ്മയം തന്നെയാണ്. മറ്റൊന്ന് വസ്ത്രങ്ങളാണ്.
വിപണിയിൽ ഒഴിച്ചുകൂടാൻ വയ്യാത്തതാണ് എന്നും ഓണപ്പുടവ. നാട്ടിൽനിന്ന് തനത് ശൈലി നിലനിർത്തുന്ന സെറ്റ് മുണ്ടും ഷർട്ടും സാരിയും പാവാടയും ബ്ലൗസും ട്രെൻഡിങ് മോഡലുകളും ഉൾപ്പെടെ ഇക്കുറി നേരത്തേ തന്നെ എത്തി. കുട്ടികൾക്ക് ഉൾപ്പെടെ വസ്ത്രത്തിലും പുതിയ പ്രിന്റുകൾ ലഭ്യമാണ്.
മിത്തോ ചരിത്രമോ എന്നതിനേക്കാളുപരി, പ്രവാസ ലോകത്തെ ഓണം നാട്ടുനന്മയുടെ കഥ പറയുന്നതോടൊപ്പം സ്നേഹത്തിന്റെ കൂടിച്ചേരലുകൾ കൂടിയാണ്. അതിലുപരിയായി ഒരുമയുടെ പങ്കുവെക്കലും.
ദേശത്തിനും ഭാഷക്കും അതീതമായി സതീർഥ്യരും സഹപ്രവർത്തകരും പിന്നെ പ്രവാസലോകത്ത് ചിതറിയ നാട്ടുകാരെയും ബന്ധുക്കളെയും ഒക്കെ കൂട്ടിയുള്ള ഓണം അവരാസ്വദിക്കുകയാണ് ഇവിടെ. പോയകാലത്തെ നന്മകളെയും മലയാണ്മയുടെ വൈവിധ്യങ്ങളെയും മധുരത്തോടെ ഓർത്തുകൊണ്ട് മലയാളി എന്ന അഭിമാനത്തോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.