അത്തം പത്തും അവിലിടിയും
text_fieldsആനന്ദത്തിന്റെ ആവണിപ്പൂക്കളുമായി അത്തം പത്ത് പുലർന്നാൽ ഞങ്ങൾക്ക് ആഘോഷത്തിമിർപ്പാണ്. അതിവിശാലമായ വയൽപരപ്പിൽനിന്നും ഉയർന്നുനിൽക്കുന്ന കുന്നിൻപുറത്താണ് ഞങ്ങൾ കോമ്പുകാർ പ്രപിതാക്കൾ മുതൽ താമസിച്ചുവരുന്നത്. ഓണക്കാലത്ത് വിരിഞ്ഞുനിൽക്കുന്ന കാട്ടുപൂക്കൾ ശേഖരിക്കാൻ വരുന്ന കൂട്ടുകാരികൾക്കൊപ്പം കൂടാൻ മഞ്ഞുകണങ്ങൾ പുതഞ്ഞ വല്ലിപ്പടർപ്പുകൾ വകഞ്ഞുമാറ്റി തിടുക്കം കൂട്ടിയിരുന്ന കുട്ടിക്കാലം.
ഞങ്ങളുടെ അയൽവാസികളായി പൂക്കളം തീർക്കാൻ ആരുമില്ലായിരുന്നു. പക്ഷേ ഞങ്ങളുടെ പാട്ടാളിയുടെയും പാറുവമ്മയുടെയും ഉടമസ്ഥതയിലുള്ള കോമ്പിൽ കണ്ടം, ഞങ്ങളുടേത് പോലെയാണ്. ഞാറ് പൊരിക്കലിന്റെയും നാട്ടിനടലിന്റെയും നെല്ല് മൂരുന്നതിന്റെയും ബാലപാഠം പഠിച്ചത് അവിടെെവച്ചാണ്. ഞങ്ങൾ കുട്ടികൾ വയലിൽ ഇറങ്ങുന്നത് പാറുവമ്മ കണ്ടാൽ കാര്യം തീരും. അശ്രദ്ധമായി ഞാറും നാട്ടിയും ചവിട്ടിക്കൂട്ടും എന്ന ഭയമാണ്.
പണിക്കാർക്ക് കഞ്ഞിയോ കപ്പയോ കട്ടൻചായയോ ഒക്കെ എടുത്ത് പതിയെയാണ് പാറുവമ്മ വയലിൽ വരിക. മിക്കപ്പോഴും പണിക്കാർക്ക് മുമ്പേ പാട്ടാളിയെത്തും. പാട്ടാളിക്ക് ഞങ്ങൾ പേരക്കുട്ടികളെ പോലെയാണ്. വയലിൽ ഇറങ്ങുമ്പോഴും ചളിയിൽ കളിക്കുമ്പോഴും കണ്ടൂറായി പൊട്ടിച്ചും കെട്ടിയും വയലുകളിൽ വെള്ളം തിരിച്ചുകളിച്ചാലും കണ്ടില്ലെന്നു നടിക്കും.
അതിരാവിലെ ഹിമകണങ്ങൾ പുതച്ച് മരവിച്ചുറങ്ങുന്ന പുൽനാമ്പുകളെ ഉണർത്താനെന്നോണം എല്ലാ വയൽ വരമ്പിലൂടെയും നടന്ന് വയലവസാനിക്കുന്ന ഞങ്ങളുടെ വീട്ടിൻ മുന്നിലെത്തിയാൽ ഉമ്മ ‘തക്കെരിക്കും.’ ഉമ്മ പാട്ടാളിക്ക് സ്വന്തം മോളെ പോലെയാണ്. ഉമ്മ വിളിച്ചാൽ ഒരിക്കലും വേണ്ടെന്ന് പറയില്ല.
വീട്ടിനുമുന്നിൽ പരന്നുകിടക്കുന്ന പാടമുണ്ടെങ്കിലും നെല്ലുമുഴുവൻ പാട്ടാളിയുടേതാണ്. കാരണം കണ്ടം പൂട്ടിക്കുന്നതും നെല്ല് വിതപ്പിക്കുന്നതും നാട്ടി നടീക്കുന്നതും കള പറിപ്പിക്കുന്നതും കീടനാശിനി അടിപ്പിക്കുന്നതും ഒക്കെ പാട്ടാളിയാണ്. അതുകൊണ്ട് പാട്ടാളിയുടെ പത്തായം നെല്ലുകൊണ്ട് നിറയും.
ചിങ്ങത്തിൽ പാട്ടാളിയുടെ വയലിനുചുറ്റും താമസിക്കുന്ന ഞങ്ങൾക്കും ഉത്സവമാണ്. മൂത്തുവിളഞ്ഞു സ്വർണപ്രഭ പരത്തുന്ന നെല്ല് മൂരുന്ന നാളുകൾ വല്ലാത്തൊരു മാസ്മരിക ദിനങ്ങളാണ്. ചിങ്ങത്തിൽ ഈ പുന്നെല്ല് പുഴുങ്ങി കുത്തി അരിയാക്കി തേങ്ങയും ഉപ്പും ചേർത്തുണ്ടാക്കുന്ന പാച്ചോറിന്റെ രുചി ഇന്നും നാവിൽ തങ്ങിനിൽക്കുന്നു.
അത്തം പത്തിന് രാവിലെ ഞങ്ങളുടെ വീട്ടിൽ പുറത്ത് താൽകാലികമായി കൂട്ടിയ അടുപ്പിൽ പുകയുയരും. അതിൽ പഴകിയ വലിയ മൺചട്ടിെവച്ച് ഉണക്ക നെല്ലിട്ട് മരച്ചട്ടുകം കൊണ്ട് ഇളക്കി ചൂടാക്കും. പാകത്തിന് വറന്നുവന്നാൽ ചൂടോടെ മരയുരലിൽ തട്ടും. മര ഉലക്കയുടെ ഇരുമ്പ് ചുറ്റില്ലാത്ത തലപ്പ് കൊണ്ട് ചൂട് നെല്ലിടിച്ചു പാറ്റിയെടുക്കും.
ഇടിക്കുമ്പോൾ നുറുങ്ങിപ്പോയ അവിൽ പാറ്റുമ്പോൾ മുള കൊണ്ട് മെടഞ്ഞ മുറത്തിന്റെ തുമ്പത്തു വരും. അത് ചേറ്റിയെടുത്ത് ഉരലിനുചുറ്റും കൂടിയ ഞങ്ങൾ കുട്ടികൾക്ക് തരും. അപ്പോൾ ഇടിയവിലിന്റെ നറുമണം ആ പ്രദേശത്ത് മുഴുവൻ പരക്കും.
പൊടിയാത്ത അവിലിൽ അധികം വിളയാത്ത തേങ്ങ ചിരകി ചേർത്ത് നല്ല കരിമ്പിൻ വെല്ലവും (ശർക്കര) രണ്ട് ഏലക്കായ പൊടിച്ചതും ചേർത്ത് കുഴക്കും. കുഴച്ച അവിൽ തേങ്ങ ചിരകിയ ചിരട്ടയിലിട്ട് ഞങ്ങൾ കുട്ടികൾക്ക് തരും. അത്തം പത്തിന് രാവിലെ ഞങ്ങളുടെ പ്രാതൽ അതായിരിക്കും.
മിക്ക ഓണത്തിനും ഉച്ച ഊണിന് പാട്ടാളി ഞങ്ങളെ കൂട്ടാൻ വരും. വീട്ടിലെ ‘തണാലി’ൽ (വീട്ടിനുള്ളിലെ ഹാൾ) ഇരുത്തി നല്ല ചൂടുള്ള പുന്നെല്ലിൻ ചോറും സാമ്പാറും കൂട്ടുകറിയും മോരും ഒക്കെ ചേർന്ന സദ്യ കൊണ്ട് ഞങ്ങളുടെ കുഞ്ഞുവയർ നിറഞ്ഞ പെട്ടിപോലെയാക്കി പാട്ടാളി തന്നെ ഞങ്ങളെ തിരിച്ചു കൊണ്ടാക്കിത്തരും. ഉമ്മയുടെ എട്ടുമക്കളായ ഞങ്ങൾക്കന്ന് മേലാസകലം വിശപ്പായിരുന്നു. അന്നത്തെ ആ പുത്തരി ചോറ് അമൃതിനേക്കൾ രുചികരമായിരുന്നു.
വലുതായപ്പോഴാണ് പാട്ടാളിയുടെ പേര് രാമൻ നായർ ആണെന്നുപോലും അറിയുന്നത്. ജാതിയും അയ്ത്തവുമൊക്കെ വലിയ രീതിയിൽ നിലനിൽക്കുന്ന കാലത്തും ഉന്നത ജാതിപ്പേര് ഉണ്ടായിട്ടും അന്യ മതക്കാരായ ഞങ്ങളെ വീട്ടിന്റെ ഉള്ളിന്റെ ഉള്ളിലിരുത്തി സ്നേഹത്തോടെ ഊട്ടിയിരുന്ന പാട്ടാളി ഇതിനൊക്കെ എതിരെ നിശ്ശബ്ദവിപ്ലവം നടത്തുകയായിരുന്നെന്ന് ഇപ്പോൾ പലപ്പോഴും തോന്നാറുണ്ട്.
മരണത്തിന് ഏതാനും നിമിഷം മുമ്പ് പോലും എന്റെ ആയിസോമയും മക്കളും എന്തായി എന്ന്, കുറേ മക്കളും കഷ്ടപ്പാടും കൊണ്ട് കഴിഞ്ഞിരുന്ന ഉമ്മയെ സ്വന്തം പെണ്മക്കളിൽ ഒരാളായി കണ്ട് വേവലാതിപ്പെട്ടുകൊണ്ടാണ് ആ കണ്ണുകൾ അടഞ്ഞത്.
പലതരം വെറികളുടെ ഈ കെട്ടകാലത്തും ഇത്തരം അനുഭവങ്ങൾ കണ്ണ് നിറഞ്ഞോർക്കുന്ന ഒരുപാട് അയൽവാസികൾ വസിക്കുവോളം മാവേലി മന്നന്റെ പ്രതാപ നാടുതന്നെയാണ് മമ കൈരളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.