2021ൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ; ടൂറിസം വകുപ്പ് കാമ്പയിൻ ആരംഭിച്ചു
text_fieldsജിദ്ദ: ടൂറിസം മേഖലയിൽ 2021 അവസാനത്തോടെ സ്വദേശികൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചു. 'നിങ്ങളുടെ ഭാവി ടൂറിസം' എന്ന തലക്കെട്ടിലാണ് ടൂറിസം മന്ത്രാലയം കാമ്പയിൻ ആരംഭിച്ചത്. ടൂറിസം മേഖലയിലെ മാനവവിഭശേഷി ഉയർത്തുക എന്ന പദ്ധതിക്ക് കീഴിലാണ് കാമ്പയിൻ. 2030 അവസാനത്തോടെ പത്തുലക്ഷം തൊഴിലവസരങ്ങളാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്.
മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട് 'ഹദഫ്', തൊഴിൽ സാേങ്കതിക പരിശീലന സ്ഥാപനം, സ്വകാര്യ മേഖലയിലെ നിരവധി കമ്പനികൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം മേഖലയിൽ മാനവവിഭവശേഷി വർധിപ്പിക്കുക, വിവിധ പരിശീലന പരിപാടികളിലൂടെ സ്വദേശികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കഴിവുകൾ വികസിപ്പിക്കുക, ഉചിതമായ തൊഴിൽ നേടുന്നതിനു സഹായിക്കുന്ന തൊഴിൽ നൈപുണ്യം നൽകുക എന്നിവ പദ്ധതികളിലുൾപ്പെടും.
കാമ്പയിനിൽ നിരവധി ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേതന സഹായം രണ്ട് വർഷത്തേക്ക് നീട്ടും എന്നതാണ് ഇതിൽ പ്രധാനം. ടൂറിസം മേഖലയുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനും സ്വകാര്യമേഖലയിൽ കൂടുതൽ സ്വദേശി യുവാക്കൾക്ക് ജോലി നൽകാനും ഇതു പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം മേഖലയിൽ മാനവ വിഭവശേഷി വികസിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രാലയം ആരംഭിച്ചത്.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും ടൂറിസം വ്യവസായ മേഖലയിൽ ജോലി ലഭിക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ പരിശീലന പരിപാടികൾ നൽകുന്നതടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക, ഇടത്തരം ചെറുകിട കമ്പനികൾക്ക് തൊഴിൽ വികസിപ്പിക്കുന്നതിനും ടൂറിസം മേഖലയിൽ സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനും സഹായം നൽകുക തുടങ്ങിയ വിപുലമായ പദ്ധതികളാണ് ടൂറിസം മന്ത്രാലയം ആവിഷ്കരിച്ചു നടപ്പാക്കാൻ പോകുന്നത്. വിഷൻ 2030െൻറ ഭാഗമായി ടൂറിസം മേഖലയെ വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അടുത്ത പത്തു വർഷത്തിനുള്ളിൽ പത്തു ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ നൽകാനും 20 ഇന പരിപാടികൾ അതിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.