ഏറ്റവും വലിയ ബാർലി കയറ്റുമതി കപ്പലുകളിലൊന്ന് സൗദി തുറമുഖത്തെത്തി
text_fieldsയാംബു: ലോകത്തെ ഏറ്റവും വലിയ ബാർലി കയറ്റുമതി കപ്പലുകളിൽ ഒന്ന് സൗദി അറേബ്യൻ തുറമുഖത്തെത്തി. രാജ്യത്തെ വാണിജ്യ തുറമുഖങ്ങളിൽ പ്രധാനപ്പെട്ട യാംബു കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിലാണ് കഴിഞ്ഞ ദിവസം 92,500 ടൺ ബാർലിയുമായി കപ്പൽ നങ്കൂരമിട്ടത്.
യാംബു തുറമുഖത്തെത്തുന്ന ആദ്യത്തെ ഏറ്റവും വലിയ ബാർലി ടാങ്കർ കപ്പലാണ് ‘നോറ പനാമ’. യാംബു ജനറൽ കാർഗോ ടെർമിനലിലെ ബർത്ത് നമ്പർ അഞ്ചിലാണ് 250 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള കപ്പൽ എത്തിയതെന്ന് ജനറൽ തുറമുഖ അതോറിറ്റി (മവാനി) അധികൃതർ അറിയിച്ചു.
പ്രതിദിനം 6,725 ടൺ അൺലോഡിങ് ചെയ്യാനുള്ള സൗകര്യവും 270 ട്രക്കുകൾ വഹിക്കാനും മറ്റു വൈവിധ്യമാർന്ന സാങ്കേതിക സൗകര്യങ്ങളുമുള്ള കപ്പലിനെ സ്വീകരിക്കാൻ തക്കശേഷിയും സൗകര്യവും യാംബു തുറമുഖത്തിനുണ്ട്. ചെങ്കടൽ തീരത്തെ അഭിമുഖീകരിക്കുന്ന തന്ത്രപ്രധാന സ്ഥലവും അന്താരാഷ്ട്ര ഷിപ്പിങ്ങിനെ ആകർഷിക്കാൻ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും തുറമുഖത്തുണ്ട്.
ഇവിടെയുള്ള ഉയർന്ന ലോജിസ്റ്റിക് ശേഷിയുടെയും പ്രവർത്തന സേവനങ്ങളുടെയും സ്ഥിരീകരണമാണിതെന്ന് ‘മവാനി’ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലേക്കാവശ്യമായ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപന്നങ്ങൾ, മറ്റു അസംസ്കൃത വസ്തുക്കൾ എന്നിവ യാംബു തുറമുഖം വഴി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.