ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകളിലൊരാൾ മരിച്ചു
text_fieldsജിദ്ദ: ഒരാഴ്ച മുമ്പ് ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചു. മാറ്റാൻ കഴിയാത്ത ഹൃദയസംബന്ധമായ ജന്മവൈകല്യങ്ങൾ കാരണം ഇരട്ടകുട്ടികളിലൊന്നായ ‘ഇഹ്‌സാൻ’ കഴിഞ്ഞ ദിവസം മരിച്ചതായി ശസ്ത്രക്രിയ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.
അതേസമയം, ബസാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. റിയാദിൽ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ബസാമിന്റെ ആരോഗ്യ സംബന്ധമായ എല്ലാ സൂചകങ്ങളും തൃപ്തികരമാണ്. ദൈവത്തിന് സ്തുതി. ശ്വസന ഉപകരണങ്ങൾ നീക്കം ചെയ്തു. അനസ്തേഷ്യയിൽ നിന്ന് ഒഴിവായിട്ടുണ്ട്. പതിവുപോലെ മാതാപിതാക്കളുമായി ഇടപഴകാൻ തുടങ്ങി. വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങി. ചികിത്സിക്കുന്ന മെഡിക്കൽ സംഘം തുടർ ചികിത്സക്കായി കുട്ടികൾക്കായുള്ള തീവ്രപരിചരണ വാർഡിൽ നിന്ന് കുട്ടികളുടെ വാർഡിലേക്ക് ഉടനെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു’. - ഡോക്ടർ വ്യെക്തമാക്കി.
വൃക്കകൾ, മൂത്രാശയങ്ങൾ, മൂത്രസഞ്ചി, പുരുഷ പ്രത്യുത്പാദന അവയവങ്ങളുടെ അഭാവവും ഹൃദയത്തിന് ചില തകറാറുകളും കുടലിൽ ചില അപര്യാപതയും ഇഹ്സാന് ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ശസ്ത്രക്രിയക്ക് മുമ്പ് അറിഞ്ഞിരുന്നതായും അവയങ്ങളിലെ പ്രധാന കുറവ് കുട്ടിയുടെ ആയുസിനെ സാരമായി ബാധിക്കുമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് അറിയിച്ചിരുന്നതായും ഡോ. റബീഅ പറഞ്ഞു. സിറിയൻ സയാമീസ് ഇരട്ടകളായ ഇഹ്‌സാൻ, ബസ്സാം എന്നിവരെ വേർപെടുത്തുന്ന ശസ്ത്രക്രിയ ജൂലൈ ആറിനാണ് റിയാദിലെ നാഷനൽ ഗാർഡ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിക്ക് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്നത്.
നെഞ്ചിന്റെ താഴത്തെ ഭാഗം, വയർ, കരൾ, കുടൽ എന്നിവ ഒട്ടിചേർന്ന സിറിയൻ സയാമീസ് കുട്ടികളെ അഞ്ച് ഘട്ടങ്ങളിയായി നടത്തിയ ഏഴര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് വേർപ്പെടുത്തിയത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽനിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.