ഓൺലൈൻ ബിസിനസ്: വാണിജ്യ രജിസ്ട്രേഷൻ നിർബന്ധം
text_fieldsജിദ്ദ: രാജ്യത്ത് ഓൺലൈൻ ബിസിനസിലേർപ്പെടുന്നവർ വാണിജ്യ രജിസ്ട്രേഷൻ നേടണമെന്ന് ഇ-കോമേഴ്സ് കൗൺസിൽ അറിയിച്ചു.
ഉപഭോക്താക്കളുടെ അവകാശങ്ങൾക്ക് അനുസൃതമായി അവരുടെ പ്രവർത്തനം തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനാണിത്. വാണിജ്യ രജിസ്ട്രേഷൻ http://e.mc.gov.sa എന്ന ലിങ്ക് വഴി ലഭ്യമാകും. ഓൺലൈൻ ബിസിനസ് സ്ഥാപനം ആരംഭിക്കാൻ മറ്റ് വകുപ്പുകളിൽനിന്ന് ലൈസൻസ് ആവശ്യമാണെങ്കിൽ അതിനുവേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇ-കോമേഴ്‌സ് ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കുക, ഉപഭോക്തൃ-വ്യാപാരി അവകാശങ്ങൾ സംരക്ഷിക്കുക, വ്യാജ സ്റ്റോറുകൾ ഇല്ലാതാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൗൺസിൽ അധികൃതർ പറഞ്ഞു. നിയമങ്ങൾ പാലിക്കാത്തതും വാണിജ്യരേഖകൾ ഇല്ലാത്ത ചില സ്റ്റോറുകളുടെ വഞ്ചന, തട്ടിപ്പ് എന്നിവയും മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ ഒരുക്കുക, ഉപഭോക്താക്കൾക്ക് സ്ഥാപനവുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം, അംഗീകൃത ബാങ്കിങ് ചാനലുകൾവഴി ഇലക്ട്രോണിക് പേമെന്‍റ് സൗകര്യം, വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും വഴി പരാതി ഫയൽ ചെയ്യാനുള്ള സൗകര്യം, അറബിഭാഷ സേവനം, അറബി ഭാഷയിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കൽ, കൈമാറ്റത്തിനും റീഫണ്ട് പ്രവർത്തനങ്ങൾക്കും വ്യക്തവും രേഖാമൂലമുള്ളതുമായ നയം എന്നിവ ഉൾപ്പെടുന്ന നിബന്ധനകൾ ഓൺലൈൻ സ്റ്റോറുകൾ നിർബന്ധമായും പാലിച്ചിരിക്കണമെന്നും ഇ-കോമേഴ്സ് കൗൺസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.