ഓൺലൈൻ കാലത്തെ കരിക്കുലവും അധ്യാപകരും
text_fieldsമുൻ രാഷ്ട്രപതിയും തത്ത്വചിന്തകനുമായ ഡോ. രാധാകൃഷ്ണെൻറ ജന്മദിനത്തിൽ എല്ലാ അധ്യാപകർക്കും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, റിയാദ് വൈസ് പ്രിൻസിപ്പൽ (അക്കാദമിക്) മീര റഹ്മാൻ 'അധ്യാപക ദിനാശംസകൾ' നേർന്നു. 'കൊറോണയുടെ ആദ്യഘട്ടത്തിൽ അധ്യാപകർ ഏറെ പ്രയാസപ്പെെട്ടങ്കിലും പ്രതിസന്ധിയെ മറികടക്കാൻ സൂം, ഗൂഗ്ൾ പോലുള്ള നൂതനസങ്കേതങ്ങൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണം ഏറെ പ്രധാനമായിരുന്നു. അവ ഉറപ്പാക്കാനും അധ്യാപകർ വളരെ ഉത്സാഹിച്ചു. നേരത്തേ ക്ലാസ്മുറിയിൽ അധ്യാപകരും കൂട്ടുകാരുമായി നടന്നിരുന്ന ആശയ സൗഹൃദ വിനിമയങ്ങൾക്ക് ഡിജിറ്റൽ ക്ലാസ്റൂമുകൾ തടസ്സം സൃഷ്ടിെച്ചന്ന് മീര റഹ്മാൻ പറഞ്ഞു. എന്നാൽ, അധ്യാപകരും കുട്ടികളും മാത്രമല്ല, സാധാരണ വീട്ടമ്മമാർക്കുപോലും തങ്ങളുടെ ശേഷികൾ വർധിപ്പിക്കാൻ കോവിഡ് 19 അവസരം നൽകിയെന്ന് അവർ കൂട്ടിച്ചേർത്തു.
ക്ലാസ്മുറികളിൽ നടക്കുന്ന സാമൂഹിക-രാഷ്ട്രീയ സംവാദങ്ങൾക്ക് ഓൺലൈൻ ക്ലാസുകളിൽ പരിമിതിയുണ്ട്. നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്നതുതന്നെ കാരണം. വിദ്യാർഥികളെ കുറെകൂടി സ്വാഭാവിക ചുറ്റുപാടിൽ കാണാനുള്ള സാഹചര്യം ഓൺലൈൻ ക്ലാസുകൾ നൽകിയിട്ടുണ്ടെന്ന് എഴുത്തുകാരനും റിയാദിലെ യാര ഇൻറർനാഷനൽ സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനുമായ എം. ഫൈസൽ അഭിപ്രായപ്പെട്ടു.
അധ്യാപക-വിദ്യാർഥി ബന്ധങ്ങളെ സാമാന്യവത്കരിക്കാൻ കഴിയില്ല. വീടിനകത്തെ സൗകര്യപ്രദമായ ഒരു സ്ഥലത്തെ പഠനകേന്ദ്രമാക്കുന്ന വിദ്യാർഥി, സൗകര്യമുള്ള ഒരിടം ബോധനകേന്ദ്രമാക്കുന്ന അധ്യാപകൻ. ഇവക്കിടയിൽ ജ്ഞാനനിർമിതി മാത്രമല്ല നടന്നത്, മാനവികമായ സ്നേഹസംവാദം കൂടിയായിരുന്നു. സൗഹാർദപരവും പ്രസന്നവുമായ ഒരു ബോധന-പഠനകാലം തന്നെയായിരുന്നു ഓൺലൈൻ ക്ലാസ് കാലഘട്ടമെന്ന് ഫൈസൽ ചൂണ്ടിക്കാട്ടി.
വിവര സാങ്കേതിക വികസനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നതിനാൽ എല്ലാവർക്കും പൂർണതോതിൽ ലഭ്യമാകുന്ന ഒന്നല്ല വെർച്വൽ ക്ലാസുകൾ. കുട്ടികളെ സംബന്ധിച്ചും അധ്യാപകരെ സംബന്ധിച്ചും യഥാർഥ ക്ലാസ്മുറികൾ പുനരാരംഭിക്കുക എന്നതുതന്നെയാണ് ഏറ്റവും അഭികാമ്യമായിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണിക്കൂറുകളോളം ഒരു സ്ക്രീനിനകത്ത് നോക്കിയിരിക്കാൻ അധ്യാപകനും വിദ്യാർഥിക്കും ഏറെ പ്രയാസകരമാണെന്ന് മോഡേൺ മിഡിൽ ഈസ്റ്റ് സ്കൂൾ അധ്യാപികയും മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ധസമിതി അംഗവുമായ സീബാ കോവോട് പറഞ്ഞു. ജോലിഭാരം കൂടുന്നതോടൊപ്പം തന്നെ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധനൽകാനും അവരുടെ ഹോം വർക്കുകൾ പരിശോധിക്കാനും കഴിയുന്നില്ല. തെറ്റുകൾ തിരുത്തിനൽകാനും കുറ്റമറ്റരീതിയിൽ പരീക്ഷ നടത്തി മൂല്യനിർണയം നടത്താനും സാധിക്കുന്നില്ലെന്ന് സീബ ടീച്ചർ പറഞ്ഞു.
സാമ്പ്രദായിക ക്ലാസുകൾ അതേപടി ഓൺലൈനിലേക്ക് പറിച്ചുനടുന്നത് പഠനത്തെ സാരമായി ബാധിക്കുമെന്ന് ജുബൈൽ ഇന്ത്യൻ ഇൻറർ സ്കൂൾ അധ്യാപകനും കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക പ്രവർത്തകനുമായ സനിൽകുമാർ പറഞ്ഞു. കുഞ്ഞുങ്ങൾ സ്കൂളിലേക്ക് പോകുന്നത് കൂട്ടുകാരോടൊപ്പം കളിക്കാനും പരസ്പരം പങ്കുവെക്കാനും കൂടിയാണ്.
ആ നഷ്ടത്തോടൊപ്പം വാർത്തകളും മുതിർന്നവരുടെ സംസാരവും സൃഷ്ടിച്ച ഭീതിയും അവരുടെ മനസ്സിലുണ്ട്, അത് നാം ഇടപെട്ട് ദൂരീകരിക്കണം. ഡിജിറ്റൽ ക്ലാസ്മുറിയുടെ നേട്ടങ്ങളും ഓഫ്ലൈൻ ക്ലാസുകളും ചേർന്നുള്ള ഒരു കരിക്കുലം ഭാവിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് അപാര സാധ്യതകൾ നൽകുമെന്ന് സനിൽകുമാർ പ്രത്യാശ പ്രകടിപ്പിച്ചു.
നീണ്ട ഇടവേളക്കുശേഷം സ്കൂൾ തുറക്കുന്ന ഉദ്വേഗങ്ങൾക്കിടയിലാണ് വിദ്യാർഥികളും അധ്യാപകരും ഒപ്പം രക്ഷിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.