ഓൺലൈൻ വഴി വിദേശത്തേക്ക് പണമയക്കൽ; സൗദിയിൽ പ്രതിദിന പരിധി 60,000 റിയാലായി കുറച്ചു
text_fieldsജിദ്ദ: സൗദിയിൽ നിന്നും ഓൺലൈൻ വഴി വിദേശത്തേക്ക് വ്യക്തികളുടെയും വ്യക്തിഗത സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്കുള്ള പ്രതിദിനം പണമയക്കുന്നത് പരമാവധി 60,000 റിയാലായി കുറച്ചുകൊണ്ട് സെൻട്രൽ ബാങ്ക് താൽക്കാലിക നിർദേശങ്ങൾ പുറപ്പെടുവിച്ചു. ബാങ്കിങ് രംഗത്ത് നടന്നുവരുന്ന ആവർത്തിച്ചുള്ള തട്ടിപ്പുകൾ കണക്കിലെടുത്താണ് തീരുമാനം.
എന്നാൽ സാമ്പത്തിക തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നടപടികൾ കൈകൊണ്ടുകൊണ്ട് ഈ പരിധി ഉയർത്താൻ ഉപഭോക്താവിന് നേരിട്ട് ബാങ്കുകളോട് ആവശ്യപ്പെടാമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു.
ഇന്റർനെറ്റ് വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതും താൽക്കാലികമായി നിർത്തിവെക്കാൻ രാജ്യത്തെ ബാങ്കുകളോട് സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുണ്ട്. തട്ടിപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ള വെബ്‌സൈറ്റുകളുടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെയും വർധനവ്, ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിവിധ മാർഗങ്ങളിലൂടെയും സോഷ്യൽ എൻജിനീയറിങ് പോലുള്ള മാർഗങ്ങളിലൂടെയും സാമ്പത്തിക തട്ടിപ്പ് കേസുകളുടെ തുടർച്ചയും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വിശദീകരിച്ചു.
ഔദ്യോഗികമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ വിശ്വസ്തരായ വ്യക്തികളുമായോ ഇടപാട് നടത്തുന്ന ഉപഭോക്താക്കളുടെ സ്വകാര്യ ഡേറ്റയാണ് സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ ആദ്യം സ്വന്തമാക്കുന്നത്. അത്തരം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കും വെരിഫിക്കേഷൻ കോഡിലേക്കും ആക്‌സസ് ഡേറ്റ നൽകുന്നതിനും തുടർന്ന് ഉപഭോക്തൃ അക്കൗണ്ടുകളിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും കാരണമാകുന്നു.
ബാങ്ക് ഉപഭോക്താക്കൾ ഈ വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും സൂക്ഷിക്കുകയും വേണം. കൂടാതെ അവർ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട രഹസ്യ നമ്പറുകളും വെരിഫിക്കേഷൻ കോഡുകളും പോലുള്ള വ്യക്തിഗത ഡേറ്റകൾ ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ വെളിപ്പെടുത്തിക്കൊടുക്കരുതെന്നും സെൻട്രൽ ബാങ്ക് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.