റഹീമിന്റെ മോചനത്തിന് ഇനി ദിവസങ്ങൾ മാത്രം; കൈകോർത്ത് ആഗോള മലയാളി സമൂഹം
text_fieldsറിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് ഒരേ മനസ്സോടെ കൈകോർത്ത് ആഗോള മലയാളി സമൂഹം. മോചനദ്രവ്യമായി വേണ്ടത് 34 കോടി ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ആണ്. ഇത്രയും പണം സമാഹരിച്ച് കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനും ജയിൽ മോചനത്തിനും സാധിക്കൂ. ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കളുടെ നേതൃത്വത്തിൽ പ്രവാസി മലയാളി സമൂഹം മുൻകൈയെടുത്ത് രൂപവത്കരിച്ച റഹീം സഹായ സമിതി ഇതിനകം എട്ട് കോടിയിലധികം രൂപ സമാഹരിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി സമൂഹവും അവർ വഴി ദേശ വ്യത്യാസമില്ലാതെ മനുഷ്യസ്നേഹികളും സഹായ ഹസ്തവുമായി മുന്നിലുണ്ടെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. സാദിഖ് അലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഫാദർ മാർ റമിജിയോസ് ഇഞ്ചനാനിയിൽ, അബ്ദുൽ ഹകീം അസ്ഹരി, അബ്ദുൽ ഹകീം നദ്വി, മുനവ്വറലി ശിഹാബ് തങ്ങൾ, സിംസാറുൽ ഹഖ് ഹുദവി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എളമരം കരീം, എം.കെ. രാഘവൻ എം.പി, വി.കെ.സി. മുഹമ്മദ് കോയ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ, മത സാമൂഹിക സംഘടന നേതാക്കളെല്ലാം സ്വന്തം സംഘടനകൾ വഴിയും സൗഹൃദ സ്വാധീന വലയം വഴിയും ധനസമാഹരണത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്.
ഇതിനുപുറമെ സാമൂഹിക, മാധ്യമ, ജീവകാരുണ്യ രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പടെയുള്ള ഇൻഫ്ലുവൻസർമാരും വിഷയം സമൂഹത്തിന് മുന്നിലെത്തിച്ചിട്ടുണ്ട്. പ്രവാസലോകത്ത് പ്രവർത്തിക്കുന്ന മുഖ്യധാരാ സംഘടനങ്ങൾ, ചെറു കൂട്ടായ്മകൾ, നാട്ടുകൂട്ടങ്ങൾ, സ്ഥാപനങ്ങൾ, സംരംഭകർ, മാധ്യമ പ്രവർത്തകർ തുടങ്ങി എല്ലാവരും സാധ്യമാകുന്ന ശ്രമത്തിലാണ്. ലക്ഷ്യത്തിലേക്കെത്താൻ കഠിന പരിശ്രമത്തിലാണെന്നും വരും ദിവസങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നേതാക്കളെ കണ്ട് പ്രചാരണം കൂടുതൽ സജീവമാക്കുമെന്നും സഹായസമിതിയുടെ മുൻനിര സാമൂഹിക പ്രവർത്തകൻ അഷ്റഫ് വേങ്ങാട്ട് അറിയിച്ചു. എല്ലാ വിഭാഗം നേതാക്കളിൽ നിന്നും അനുകൂലമായ പ്രതികരണവും ഫലപ്രദമായ ഇടപെടലുമാണ് ഉണ്ടാകുന്നതെന്ന് റഹീം സഹായ സമിതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്ന നാസർ കാരന്തൂർ, ഷകീബ് കൊളക്കാടൻ, മൊയ്തീൻ കോയ കല്ലമ്പാറ, ഫൈസൽ ബിൻ അഹമ്മദ് ഉൾപ്പെടെയുള്ളവർ പറഞ്ഞു.
സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകളുടെയും സാമൂഹികപ്രവർത്തകരുടെയും നേതൃത്വത്തിൽ സജീവ കാമ്പയിൻ നടക്കുന്നുണ്ട്. റിയാദിൽ റഹീം നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിവസം ധനസമാഹരണം ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാമ്പയിൻ കൂടുതൽ സജീവമാകുമെന്ന് സമിതിക്ക് നേതൃത്വം നൽകുന്ന സി.പി. മുസ്തഫ, അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ, സിദ്ദീഖ് തുവ്വൂർ, മുനീബ് പാഴൂർ, ഹസ്സൻ ഹർഷാദ്, കുഞ്ഞോയി, സഹീർ മുഹിയുദ്ദീൻ എന്നിവർ പറഞ്ഞു.
കേസുണ്ടായ കാലം മുതൽ പ്രശ്നപരിഹാര ശ്രമങ്ങളിൽ ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുന്നുണ്ട്. എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി കഴിഞ്ഞ 16 വർഷമായി ഫലപ്രദമായ ഇടപെടലാണ് നടത്തുന്നതെന്നും സഹായസമിതി പറഞ്ഞു. ദിയാധനം നൽകാനുള്ള ഉടമ്പടിയുടെ കാലാവധി അവസാനിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി അവധി നീട്ടിക്കിട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി സഹായസമിതി ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ കണ്ട് ചർച്ച നടത്തും.
മലയാളി വ്യവസായികളുടെ ഇടപെടൽ പ്രതീക്ഷിച്ച്...
റിയാദ്: മലയാളി വ്യവസായികളുടെ ഇടപെടലുണ്ടായാൽ മോചന ശ്രമങ്ങൾക്ക് ആക്കംകൂടുമെന്ന് റഹീം സഹായ സമിതി. വിദേശ രാജ്യങ്ങളിൽ പരന്ന് കിടക്കുന്ന സുമനസ്സുകളായ വ്യവസായികൾ മനസ്സുവെച്ചാൽ കുറഞ്ഞ സമയം കൊണ്ട് 34 കോടി രൂപ എന്ന ലക്ഷ്യത്തിലെത്തുമെന്ന് ഭാരവാഹികൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. സാധ്യമാകുന്നവരെ നേരിൽക്കണ്ടും ഫോണിൽ ബന്ധപ്പെട്ടും വിവരം അറിയിച്ചിട്ടുണ്ട്. അവരിൽ നിന്നെല്ലാം പോസറ്റിവായ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
നിത്യ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾ മുതൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായും ബന്ധപ്പെട്ട് ഇതുവരെ സ്വരൂപിച്ച തുക എട്ട് കോടിയിലധികമാണ്. ഇനി പ്രധാനമായും പ്രതീക്ഷിക്കുന്നത് ബിസിനസ് രംഗത്തുള്ളവരുടെ ഇടപെടലാണ്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ബിസിനസ് പ്രമുഖർ വരും ദിവസങ്ങളിൽ സഹായവുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ അനുസരിച്ച് തുക കൈമാറാൻ വളരെ കുറഞ്ഞ ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ ദിയാധനം നൽകാനുള്ള അവധി നീട്ടി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതെങ്ങനെ പരിഗണിക്കപ്പെടുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു പരീക്ഷണത്തിന് മുതിരാതെ അനുവദിച്ച സമയത്ത് പണം നൽകാനുള്ള കഠിന പരിശ്രമമാണ് നടക്കുന്നതെന്നും റഹീം സഹായ സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.