Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ എംബസിയിൽ...

ഇന്ത്യൻ എംബസിയിൽ എന്നും ‘ഓപൺ ഹൗസ്’​ -അംബാസഡർ

text_fields
bookmark_border
ഇന്ത്യൻ എംബസിയിൽ എന്നും ‘ഓപൺ ഹൗസ്’​ -അംബാസഡർ
cancel
camera_alt

അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ റിയാദിലെ ഇന്ത്യൻ എംബസിയിൽ മാധ്യമപ്രതിനിധികളുമായി സംസാരിക്കുന്നു, സമീപം ഡി.സി.എം എന്‍. റാം പ്രസാദ്, പ്രസ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി മോയിന്‍ അക്തര്‍

റിയാദ്​: പ്രവാസികളുടെ പ്രശ്​നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായിപ്പോഴും ‘ഓപൺ ഹൗസാ’യാണ്​ പ്രവർത്തിക്കുന്നതെന്ന്​ അംബാസഡർ ഡോ. സുഹൈൽ അജാസ്​ ഖാൻ. പുതുതായി ചുമതലയേറ്റ അദ്ദേഹം എംബസിയിൽ ഇന്ത്യൻ മാധ്യമ പ്രതിനിധികളോട്​ സംസാരിക്കുകയായിരുന്നു.

2013 കാലഘട്ടത്തിൽ എംബസി നടത്തിയിരുന്ന ഓപൺ ഹൗസ്​ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിനാണ്​ എന്തിനാണ്​ മാസത്തിലൊരു ദിവസം ഓപൺ ഹൗസ്​ എന്ന്​ മറുചോദ്യം ഉന്നയിച്ച് അംബാസഡർ പ്രവാസികൾക്കായി എല്ലാദിവസവും എംബസിയുടെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന്​ വ്യക്തമാക്കിയത്​. ഇന്ത്യക്കാര്‍ക്ക് എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.

25 ലക്ഷത്തോളം ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനംപ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. പരാതികളും പ്രശ്‌നങ്ങളും തീര്‍ക്കാനും പരിഹരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കുന്നുണ്ട്. എംബസിയുടെ മേല്‍നോട്ടത്തിലുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വിവിധ വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.

ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയ രാജ്യത്തിന്റെ നിയമ പരിധിയില്‍ നിന്ന് ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്​. എംബസി സാമൂഹികക്ഷേമ വിഭാഗം ഇക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി.

എംബസിയിൽ രജിസ്​റ്റർ ചെയ്യണം

സൗദിയിലേക്ക്​ ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാ​ൻ ജാഗ്രത പുലർത്തണമെന്ന്​ അംബാസഡർ പറഞ്ഞു. അങ്ങനെ വരുന്നവർ വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഇ-മൈ​ഗ്രേറ്റ്​’, ‘മദാദ്​’ പോർട്ടലുകളിൽ രജിസ്​റ്റർ ചെയ്യണം. ഭാവിയിൽ തൊഴിൽദാതാക്കളുമായി കേസോ മറ്റ്​ പ്രശ്​നങ്ങളോ ഉണ്ടായാൽ നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അത്​ ആവശ്യമാണ്​.

നിലവിൽ സൗദിയിലുള്ള ഇന്ത്യാക്കാരോടും എംബസിയുടെ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യാൻ അംബാസഡർ ആവശ്യപ്പെട്ടു. പ്രവാസികളുടെ ആവശ്യഘട്ടങ്ങളിൽ വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിക്കാൻ അത്​ എംബസിക്ക്​ സഹായമായി മാറും.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളതെന്നും അംബാസഡർ പറഞ്ഞു. ജി-20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളുണ്ടാകും. ഇരുരാജ്യങ്ങളും വ്യാപാര വാണിജ്യമേഖലയില്‍ സഹകരണമുണ്ട്. ഇന്ത്യയിലെ പെട്രോ കെമിക്കല്‍, അടിസ്ഥാന വികസനം, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളില്‍ സൗദി വ്യവസായികൾ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആകെ 36 ശതകോടി ഡോളറിന്റെ നിക്ഷേപം സൗദിയില്‍ നിന്നും ഇന്ത്യയിലെത്തി. ഇന്ത്യന്‍ വ്യാപാരികളും സൗദിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിവരികയാണ്. നിക്ഷേപ സൗഹൃദ രാജ്യമായതിനാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സൗദിയില്‍ നിക്ഷേപത്തിന് ഒരുക്കമാണെന്നും അംബാസഡര്‍ പറഞ്ഞു.

1997 ബാച്ച്​ ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ ഡോ. സുഹൈൽ അജാസ്​ ഖാൻ ഈ മാസം 16നാണ്​ റിയാദിൽ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്​. നേരത്തെ ലബനോണിൽ അംബാസഡറായിരുന്ന അദ്ദേഹം അവിടെനിന്നാണ്​ സൗദി അറേബ്യയിലേക്ക്​ എത്തിയത്​. മാധ്യമങ്ങളുമായുള്ള അംബാസഡറുടെ സംവാദത്തിൽ ഡെപ്യൂട്ടി ചീഫ്​ ഓഷ്​ മിഷൻ (ഡി.സി.എം) എന്‍. റാം പ്രസാദ്, പ്രസ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി മോയിന്‍ അക്തര്‍ എന്നിവരും പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open houseindian embassy
News Summary - open house at the Indian Embassy- Ambassador
Next Story