പ്രവാസികളോട് മനസ്സ് തുറന്ന്..
text_fieldsറിയാദ്: പ്രവാസികളോട് മനസ്സ് തുറന്ന് സംവദിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രിയെയാണ് ശനിയാഴ്ച വൈകീട്ട് റിയാദിലെ ഇന്ത്യൻ എംബസിയിൽ കണ്ടത്. ഓഡിറ്റോറിയത്തിൽ കൃത്യസമയത്തെത്തിയ മന്ത്രി ഡോ. എസ്. ജയശങ്കർ 25 മിനിറ്റോളം സംസാരിച്ച ശേഷം ചോദ്യങ്ങൾക്ക് മറുപടി നൽകി. സൗദിയിൽ നിലവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 12-ാം ക്ലാസിന് ശേഷം ഉപരിപഠനത്തിന് അവസരമില്ലെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് അധ്യാപികയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ സീനത്ത് ജാഫ്രിയാണ് ആദ്യ ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ സജീവ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും വൈകാതെ തന്നെ ഉപരിപഠന സൗകര്യം സൗദിയിലൊരുങ്ങുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം മറുപടി നൽകി.
യുദ്ധ പ്രതിസന്ധി കാരണം യുക്രെയ്നിൽ പഠനം മുടങ്ങിയ കുട്ടികൾക്ക് മറ്റ് രാജ്യങ്ങളിൽ തുടർപഠനത്തിന് യൂനിവേഴ്‌സിറ്റികളിൽ നിന്ന് രേഖകൾ വിട്ടുകിട്ടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ജയചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിനും അനുകൂല മറുപടിയാണുണ്ടായത്. യുക്രെയ്നിലെ ഇന്ത്യൻ എംബസിയും അംബാസഡറും ശക്തമാണെന്നും വിദ്യാർഥികളുടെ കാര്യത്തിൽ സാധ്യമായ സഹായം അവരുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും താൻ എംബസിക്ക് ആവശ്യമായ നിർദേശം നൽകാമെന്നും മന്ത്രി ഉറപ്പ് നൽകി. പാസ്പോർട്ട് പുതുക്കുന്നതിന് പൊലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് അനാവശ്യ വൈകിപ്പിക്കൽ ഉണ്ടാകുന്നെന്ന പരാതിയും സദസ്സിൽനിന്ന് ഉയർന്നു. 10 വർഷം കഴിഞ്ഞ് പാസ്പോർട്ട് പുതുക്കുമ്പോൾ പുനഃപരിശോധന ആവശ്യമാണ്. പേരോ വിലാസമോ തുടങ്ങി എന്തെങ്കിലും മാറ്റമുണ്ടോ എന്നും പാസ്പോർട്ട് യഥാർഥ അവകാശിക്ക് തന്നെയല്ലേ ലഭിക്കുന്നതെന്നും ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ട്. അത് എല്ലാവർക്കും നല്ലതാണ്. അത് അകാരണമായ വൈകിപ്പിക്കലല്ല. ഇനി അകാരണമായ വൈകലുണ്ടെങ്കിൽ ശ്രദ്ധയിൽപെട്ടാൽ അതിനു പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ആമുഖമായി നടത്തിയ പ്രഭാഷണത്തിൽ മന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനും ഉൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിന്റെ ഊഷ്മളതയെ കുറിച്ചും വാചാലനായി. കോവിഡ് കാലത്ത് നമ്മൾ രാജ്യത്തിന്റെ ദേശീയവും അന്തർദേശീയവുമായ സുഹൃത്തുക്കളെ കണ്ടു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് പ്രതിസന്ധി സമയത്ത് സൗദി അറേബ്യ ഇന്ത്യക്ക് ദ്രവ ഓക്സിജനും കണ്ടെയ്നറുകളും നൽകി സഹായത്തിനെത്തിയത്.എന്നാൽ നമ്മൾ ലോകത്തെ കാണുന്നത് ആഗോള തൊഴിലിടമായാണ്. വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർക്ക് നിയമപരമായി ജോലി ചെയ്യാനും യാത്രചെയ്യാനും തൊഴിൽ സുരക്ഷിതത്ത്വവും അവകാശങ്ങളും ഉറപ്പുവരുത്തലാണ് വിദേശ മന്ത്രാലയത്തിന്റെ പ്രധാന നയങ്ങളിലൊന്നെന്നും മന്ത്രി പറഞ്ഞവസാനിപ്പിച്ചു.
സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽനിന്ന് ക്ഷണിക്കപ്പെട്ട് സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലകളിൽ നിന്നെത്തിയ സദസ്യർക്കൊപ്പം ഫോട്ടോ എടുത്തശേഷമാണ് മന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.