ഇലക്ട്രിക് കാർ കമ്പനിയായ ലൂസിഡിന് സൗദിയിൽ പ്രവർത്തനാനുമതി
text_fieldsജിദ്ദ: പ്രമുഖ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനിക്ക് സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചു. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സ്ഥാപിതമായ നിർമാണ യൂനിറ്റിനാണ് സ്പെഷൽ ഇക്കണോമിക് സിറ്റി ആൻഡ് സോൺ അതോറിറ്റിയുടെ പ്രവർത്തനാനുമതി ലഭിച്ചത്. ‘വിഷൻ 2030’ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും രാജ്യത്തെ ഗതാഗതമേഖലയെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഒരു സുപ്രധാനഘട്ടത്തിലാണ് ലൂസിഡ് കമ്പനിക്ക് പ്രവർത്തന ലൈസൻസ് ലഭിച്ചിരിക്കുന്നത്.
ദേശീയ സമ്പദ് വ്യവസ്ഥയുടെ വിഭവങ്ങൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ലൂസിഡ് കമ്പനിയുടെ നിർമാണ യൂനിറ്റിന് പ്രവർത്തന ലൈസൻസ് ലഭിച്ചതിന് വലിയ പ്രാധാന്യമുണ്ടെന്ന് സ്പെഷൽ അതോറിറ്റി സെക്രട്ടറി ജനറൽ നബീൽ ബിൻ മുഹമ്മദ് അമീൻ ഖോജ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ ലോകോത്തര വൈദ്യുതി കാർ കമ്പനി നിർമാണ യൂനിറ്റ് സ്ഥാപിക്കുന്നത്.
ഇത് രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളുടെ കാര്യക്ഷമതയും ലോകോത്തര കമ്പനികൾ അത് ഉപയോഗപ്പെടുത്താൻ കാട്ടുന്ന താൽപര്യവും തെളിയിക്കുന്നതാണ്. സ്പെഷൽ ഇക്കണോമിക് സിറ്റി ആൻഡ് സോൺ അതോറിറ്റിയും സർക്കാറും തമ്മിലുള്ള പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഡ് കമ്പനിക്ക് ഔദ്യോഗിക അനുമതി ലഭിച്ചത് രാജ്യത്തിന്റെ പുതിയ വ്യവസായികവീക്ഷണത്തിന് തെളിവാണെന്ന് ലൂസിഡ് കമ്പനി വൈസ് പ്രസിഡൻറും മിഡിലീസ്റ്റ് മാനേജിങ് ഡയറക്ടറുമായ ഫൈസൽ സുൽത്താൻ പറഞ്ഞു. സൗദിയിലെ ഇലക്ട്രിക് കാറുകൾ നിർമിക്കുന്നതിനുള്ള ആദ്യത്തെ കമ്പനിയും യു.എസിന് പുറത്തെ ലൂസിഡിന്റെ ആദ്യത്തെ വ്യവസായിക യൂനിറ്റുമാണിത്.
ഫാക്ടറി വാഹനവ്യവസായത്തിന് വഴിയൊരുക്കുകയും മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യും. സൗദി വിപണിയിൽ നൂതന വൈദ്യുതി വാഹനങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.