ഈ വർഷം 7000 സൗദി എൻജിനീയർമാർക്ക് അവസരം
text_fieldsഈ വർഷം 7000 സൗദി എൻജിനീയർമാർക്ക് അവസരംജുബൈൽ: നിരവധി വിദേശി എൻജിനീയർമാർക്ക് ഇൗ വർഷം തൊഴിൽനഷ്ടമുണ്ടാകും. നടപ്പുവർഷം 7000 സ്വദേശി എൻജിനീയർമാർക്ക് തൊഴിലവസരം സൃഷ് ടിക്കാനൊരുങ്ങുകയാണ് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സൗദി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ എൻജിനീയറിങ് ജോലികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ 'മുഹെൽ'എന്ന ആപ് വഴി ത്വരിതപ്പെടുത്തും. വിദേശി എൻജിനീയർമാരുടെ യോഗ്യത തെളിയിക്കുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്ന നടപടി കൂടുതൽ കർശനമായി കൗൺസിൽ തുടരും. അതേസമയം, വിദേശിയെ സംബന്ധിച്ച തൊഴിൽ നിയമം ഭേദഗതി ചെയ്യുന്നത് കൗൺസിലിെൻറ അധികാരപരിധിയിൽ വരുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി. അത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്. രാജ്യത്തെ തൊഴിൽ വിപണിയിൽ എൻജിനീയറിങ്, സാങ്കേതിക തസ്തികകൾ കണ്ടെത്താനും മതിയായ അളവിൽ സ്വദേശികളെ നിയമിക്കാനും കൗൺസിലും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും പ്രതിജ്ഞാബദ്ധമാണ്. എൻജിനീയറിങ് ജോലികളിലെ 20 ശതമാനം സ്വദേശിവത്കരണം ഇൗ മാസം നടപ്പാകും. എൻജിനീയറിങ് ജോലികളിൽ അഞ്ചോ അതിലധികമോ പേർ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. നാലോ അതിൽ കുറവോ വിദേശ എൻജിനീയർമാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമല്ല. 117 തരം എൻജിനീയറിങ് ജോലികളിലാണ് 20 ശതമാനം സ്വേദശിവത്കരണം നടപ്പാക്കുന്നത്. അതിലൂടെ 7000ത്തിൽപരം തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ഇൗ വർഷം ലഭ്യമാകും.
മാനവ വിഭവശേഷി മന്ത്രിയുടെ ഉത്തരവിന് അനുസൃതമായി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സൗദിവത്കരണ നില ശരിയാക്കാൻ മന്ത്രാലയം 18 ആഴ്ച സമയമാണ് നൽകിയത്. ആനുകൂല്യങ്ങളുടെ ഒരു പാക്കേജും ഇതിനായി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. യോഗ്യരായ സ്വദേശികൾക്ക് വേഗത്തിൽ ജോലി ലഭ്യമാക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള പാക്കേജാണിതെന്നും കൗൺസിൽ വക്താവ് അബ്ദുൽ നാസർ അൽ-അബ്ദുല്ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.