ഓൺലൈനിൽ ഐ ഫോൺ ഓർഡർ ചെയ്തു; പ്രവാസിക്ക് ലഭിച്ചത് മാർബിൾ കഷണം
text_fieldsഅൽഐൻ: ഓൺലൈൻ വഴി ഐ ഫോൺ ഓർഡർ ചെയ്ത പ്രവാസിക്ക് ലഭിച്ചത് മാർബ്ൾ കഷ്ണം. ആമസോൺ വഴി ഓർഡർ നൽകിയ തൃശൂർ സ്വദേശി ലിജോ ജോസ് പല്ലിശേരിക്കാണ് മാർബ്ൾ ലഭിച്ചത്. സെപ്റ്റംബർ 30നാണ് ലിജോ ഐഫോൺ 12 ബുക്ക് ചെയ്തത്. ഒക്ടോബർ രണ്ടിന് ഫോൺ എത്തി. 4425.75 ദിർഹം നൽകിയാണ് ഫോൺ കൈപ്പറ്റിയത്. വീട്ടിലെത്തി തുറന്നു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടൻ ഡെലിവറി ബോയിയെ ബന്ധപ്പെടുകയും രണ്ടു ദിവസങ്ങൾക്കകം മൊബൈലോ പണമോ തിരികെ എത്തിക്കാം എന്ന ഉറപ്പിൽ ഡെലിവറി ബോയിയെ പറഞ്ഞയക്കുകയും ചെയ്തു.
തൊട്ടടുത്തദിവസം മറ്റൊരാൾ എത്തി മാർബ്ൾ കഷ്ണം തിരികെ വാങ്ങി. തുടർന്ന് ആമസോൺ കമ്പനിയുടെ കസ്റ്റമർ കെയറിൽ പലതവണ ബന്ധപ്പെട്ടെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ എല്ലാം പരിഹരിക്കാൻ എന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ, ഇതുവരെ മൊബൈലോ പണതോ തിരികെ ലഭിച്ചിട്ടില്ല. ഉടൻ പരിഹാരമാകുമെന്ന് പ്രതീക്ഷയിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. എന്നാൽ, പ്രശ്നം പരിഹരിക്കാത്തതിനാൽ പരാതി നൽകാനാണ് ലിജോയുടെ തീരുമാനം. സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് ലിജോ ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.