മസ്തിഷ്ക മരണം സംഭവിച്ച അഞ്ചുപേരുടെ അവയവങ്ങൾ 13 പേർക്ക് പുതുജീവൻ നൽകി
text_fieldsറിയാദ്: മസ്തിഷ്ക മരണം സംഭവിച്ച അഞ്ചുപേരുടെ ആന്തരികാവയവങ്ങൾ 13 പേർക്ക് പുതുജീവൻ നൽകി.
സൗദിയിലെ ബൽജുർശി അമീർ മുശാരി ആശുപത്രി, ദമ്മാം കിങ് ഫഹദ് സ്പെഷലിസ്റ്റ് ആശുപത്രി, റിയാദ് കിങ് സഊദ് മെഡിക്കൽ സിറ്റി, അബൂദബിയിലെ ക്ലെവ്ലാന്റ് ക്ലിനിക് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുമ്പോൾ മസ്തിഷ്ക മരണം സംഭവിച്ച അഞ്ചു രോഗികളുടെ അവയവങ്ങളാണ് 13 പേരിൽ വിജയകരമായി മാറ്റിവെച്ചത്. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേഷനാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച അഞ്ചും എട്ടും വയസ്സുള്ള രണ്ടു കുട്ടികൾക്കും 44 വയസ്സുള്ള സൗദി പൗരനും ഹൃദയം മാറ്റിവെച്ചു. രണ്ടു വയസ്സുള്ള ബാലനും 24, 54, 58 വീതം വയസ്സുള്ള മൂന്നു സൗദി പൗരന്മാർക്കും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.
വൃക്കകൾ പ്രവർത്തനരഹിതമായ 17, 49, 56 വീതം വയസ്സുള്ള സൗദി പൗരന്മാർക്കും 27, 45 വീതം വയസ്സുള്ള സൗദി വനിതകൾക്കും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയകളും 40 വയസ്സുള്ള സൗദി പൗരന് പാൻക്രിയാസ് മാറ്റിവെക്കൽ ഓപറേഷനും
നടത്തി.
മെഡിക്കൽ നൈതികതക്ക് അനുസൃതമായി നീതിപൂർവമായും മെഡിക്കൽ മുൻഗണനാക്രമം പാലിച്ചുമാണ് രോഗികൾക്ക് അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ് പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നന്നായി സഹകരിച്ചതിന്റെ ഫലമായാണ് ഓപറേഷനുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.