‘ഒട്ടാമോ’: നിയോമിൽ പുതിയ വിനോദ കലാകേന്ദ്രം സ്ഥാപിക്കുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയുടെ സ്വപ്ന നഗരപദ്ധതിയായ ‘നിയോമി’ൽ ‘ഒട്ടാമോ’ എന്ന പേരിൽ പുതിയ വിനോദ കലാകേന്ദ്രം സ്ഥാപിക്കുമെന്ന് ഡയറക്ടർ ബോർഡ് വെളിപ്പെടുത്തി. കലയിലും വിനോദത്തിലും വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകുന്ന സ്ഥലമാണിത്. നൂതനമായ ഇവൻറുകൾ നടത്തുന്നതിനും അന്തർദേശീയ കലാകാരന്മാർക്ക് ആതിഥ്യമരുളുന്നതിനും അനുയോജ്യമായ നഗരിയായാണ് ഒട്ടാമോ സ്ഥാപിക്കുന്നത്. അഖബ ഉൾക്കടലിെൻറ തീരത്തുള്ള പർവതനിരകൾക്കിടയിലുള്ള ആകർഷകമായ ഭൂപ്രകൃതിയിലാണ് ഒട്ടാമോ നഗരിയെ വേറിട്ടതാക്കും.
ഇവൻറുകൾ, സംഗീതക്കച്ചേരികൾ, പ്രദർശനങ്ങൾ, കലാപരമായ പ്രവർത്തനങ്ങൾ എന്നിവക്കുള്ള സവിശേഷമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ്. പരമ്പരാഗത വിനോദ ആശയങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ ഇത് സഹായിക്കും. സന്ദർശകർക്ക് സമ്പന്നമായ അനുഭവങ്ങൾ പ്രദാനം ചെയ്യും. അത്യാധുനിക സാങ്കേതിക വിദ്യകളുമായി യോജിച്ച് കലയും വാസ്തുവിദ്യയും സമന്വയിപ്പിക്കുന്ന ഡിസൈനുകളാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.
ഈ നഗരിക്കുള്ളിലുള്ള പ്രധാന ഓഡിറ്റോറിയത്തിലേക്ക് മനോഹരമായ പൂന്തോട്ടത്തിന് നടുവിലൂടെയുള്ള പ്രവേശന പാതയാണ് ഒരുക്കുന്നത്. 64 മീറ്റർ ഉയരമുള്ള പ്രവേശന കവാടം അനിതരസാധാരണമായ കലാരൂപങ്ങളാൽ രൂപകൽപന ചെയ്തതായിരിക്കും. ഏറ്റവും ആധുനികവും വിശിഷ്ടവുമായ ലോകോത്തര ഇവൻറ് വേദികളിലൊന്നായി ഇത് മാറും. റിയാലിറ്റിയെ വെർച്വൽ ലോകവുമായി സമന്വയിപ്പിക്കുന്ന അസാധാരണമായ അനുഭവങ്ങൾ നൽകുന്ന ഫ്യൂച്വർ തിയേറ്ററും ഇതിലുണ്ടാവും.
മൾട്ടി പർപ്പസ് ഡിസ്പ്ലേകൾ, വി.ഐ.പി ലോഞ്ചുകൾ, ആഡംബര റസ്റ്റാറന്റുകൾ എന്നിവക്കുള്ള സൗകര്യവും ഒട്ടാമോ നഗരിക്കുള്ളിലുണ്ടാവും. ഈ നഗരി രൂപകല്പന ചെയ്യുന്നതിലും നിർമിക്കുന്നതിലും ഏറ്റവും പുതിയ രീതികളാണ് പിന്തുടരുന്നത്. ആർട്ടിസ്റ്റിക് ഡിസ് പ്ലേ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും സന്ദർശകരുടെ വിപുലമായ ഓഡിയോ-വിഷ്വൽ സംവിധാനങ്ങളുമായുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചാണ് സൈറ്റിെൻറ രൂപകൽപ്പനയെന്നും നിയോം ഡയറക്ടർ ബോർഡ് പറഞ്ഞു.
വ്യതിരിക്തമായ പ്രകൃതിദത്ത ലക്ഷ്യസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനും വിനോദസഞ്ചാര വികസനം പ്രോത്സാഹിപ്പിക്കാനും വിനോദം, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ നൂതന ആശയങ്ങൾ നടപ്പാക്കാനുമുള്ള നിയോമിെൻറ പ്രവർത്തനപദ്ധതിയുടെ ഭാഗമാണിത്. 95ശതമാനം പ്രദേശവും പ്രകൃതിക്കായി സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. നിയോമിലെ ഏറ്റവും പുതിയ സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങളായ ‘ലെഗ’, ‘എബെക്കോൺ’, ‘സെറാന’ എന്നിവയുടെ സമീപകാല പ്രഖ്യാപനങ്ങൾക്ക് ശേഷമാണ് ‘ഒട്ടാമോ’യുടെ വികസനം വരുന്നത് എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.