ഒരാഴ്ചക്കിടെ 11,000 ത്തിലധികം നിയമലംഘകർ പിടിയിലായി
text_fieldsജിദ്ദ: കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടം ലംഘിച്ച 11,000 ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരിൽ 5,800 പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമലംഘനത്തിന് 1200 ഓളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 838 പേർ അറസ്റ്റിലായി. ഇവരിൽ 58 ശതമാനം ഇത്യോപ്യക്കാരും 27 ശതമാനം യമൻ പൗരന്മാരും 15 ശതമാനം മറ്റു രാജ്യക്കാരുമാണ്. 30 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 19 പേരെയും സുരക്ഷ സേന അറസ്റ്റ് ചെയ്തു.
രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയ ശേഷം ആകെ 24,000 വിദേശികൾ പിടിയിലായി. ഇവരിൽ 17,000 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫിസുകളിലേക്ക് റഫർ ചെയ്തു. 5,000 പേരെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,000 പേരെ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിർത്തി സുരക്ഷ ചട്ടം ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽ നിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ ഒന്നിലും വിളിച്ചറിയിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.