നവോദയ ദിനാചരണവും പി. കൃഷ്ണപിള്ള അനുസ്മരണവും
text_fieldsറിയാദ്: സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക സെക്രട്ടറിയുമായ പി. കൃഷ്ണ പിള്ള അനുസ്മരണം റിയാദ് നവോദയയുടെ ആഭിമുഖ്യത്തിൽ നടന്നു. നവോദയ രൂപവത്കരണ ദിനവും കൂടിയാണ് കൃഷ്ണപിള്ള ദിനം. നവോദയ സ്ഥാപകരിൽ ഒരാളും സംഘടനയുടെ ജോയന്റ് സെക്രട്ടറിയുമായ പൂക്കോയ തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം കേന്ദ്ര കമ്മിറ്റി അംഗം ഷാജു പത്തനാപുരം നിർവഹിച്ചു.
അയിത്തവും കൊടിയ ജാതിചിന്തയും അരങ്ങുവാണിരുന്ന കേരളത്തിൽ അനാചാരങ്ങൾക്കെതിരെ പടനയിച്ച നവോത്ഥാന നായകനായിരുന്നു അദ്ദേഹം. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെയും നാടുവാഴികൾക്കെതിരെയും പോരാട്ടങ്ങൾ സംഘടിപ്പിച്ച കൃഷ്ണപിള്ള, ശക്തമായ സംഘടനാ അടിത്തറയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൽകിയതെന്ന് ഷാജു അനുസ്മരിച്ചു. ഫാഷിസം ഇന്ത്യൻ ഭരണചക്രം നിയന്ത്രിക്കുന്ന ഇക്കാലത്ത് വർഗീയതക്കതിരെ പോരാടുന്നതിന് കൃഷ്ണപിള്ളയുടെ ജീവിതം മാർഗദർശിയാക്കണമെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
നവോദയയുടെ കഴിഞ്ഞകാല കലാ-സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ വിവരിച്ചു. പ്രസിഡൻറ് വിക്രമലാൽ അധ്യക്ഷത വഹിച്ചു. ബാബുജി, ശ്രീരാജ്, അനി മുഹമ്മദ്, ഗോപിനാഥൻ, അയ്യൂബ് കരുപടന്ന, കലാം, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു. ഷൈജു ചെമ്പൂര് സ്വാഗതവും മനോഹരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.