വംശീയതക്കെതിരെ യോജിച്ച മുന്നേറ്റം അനിവാര്യം: പി.മുജീബുറഹ്മാന്‍
text_fieldsജിദ്ദ: ഇന്ത്യയിൽ തീവ്ര വംശീയ ആക്രമണങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണെന്നും ഇതിനെ ചെറുത്തുതോല്‍പിക്കാന്‍ എല്ലാ വിഭാഗം ആളുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി. മുജീബുറഹ്മാന്‍ പ്രസ്താവിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ അദ്ദേഹം തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തുടനീളം വംശീയ പ്രവണത ശക്തി പ്രാപിച്ചുവരികയാണ്. ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാൾ മല്‍സരത്തിന് പോലും തീവ്ര വംശീയതയുടെ ഭീഷണി ഉണ്ടായിരുന്നു. ഖത്തര്‍ അതിനെ വളരെ തന്മയത്വത്തോടെ നേരിട്ടത് പോലെ, ഇന്ത്യയിലെ വംശീയ മുന്നേറ്റത്തെ നേരിടാന്‍ കരുത്താര്‍ജ്ജിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ ദയനീയാവസ്ഥയിലാണ് നിലകൊള്ളുന്നത്. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാമ്പയിൻ നടക്കുകയാണ്. മുസ്ലിംങ്ങളെ കണ്ടാല്‍ അവർ കൊല്ലപ്പെടേണ്ടവരാണെന്ന പൊതുബോധം സൃഷ്ടിക്കുന്നു.
ഹിറ്റ്ലര്‍ വംശഹത്യ നടത്തിയത് നിയമാനുസൃതമായിരുന്നു. അതുപോലെ ഈയിടെ നാഗ്പൂരില്‍ നടന്ന നിയമ വിദഗ്ധരുടെ സമ്മേളനത്തിലെ മുഖ്യ അജണ്ട ഹിന്ദു രാഷ്ട്രം എങ്ങനെ നിര്‍മ്മിക്കാം എന്നതിനെക്കുറിച്ചായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം കൊടുക്കുന്നത് ഒരു സെകുലര്‍ രാജ്യത്ത് വിചിത്രമാണ്. പൗരത്വ നിയമം കൊണ്ടുവന്ന് രാജ്യത്ത് രണ്ടാംകിട പൗരന്മാരെ സൃഷ്ടിക്കുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്.
ഇത്തരം പ്രവണതകൾക്കെതിരെ മുഴുവന്‍ ആളുകളേയും ചേര്‍ത്തു പിടിച്ച്, വംശീയതക്കെതിരെ യോജിച്ച മുന്നേറ്റം ഉണ്ടായാല്‍ മാത്രമെ രാജ്യനിവാസികള്‍ക്ക് രക്ഷയുള്ളൂവെന്ന് പി. മുജീബുറഹ്മാൻ ഓര്‍മ്മിപ്പിച്ചു. സാമൂഹിക കൂട്ടായ്മകള്‍ക്ക് രൂപംകൊടുത്തും വംശീയതയെ തടയാന്‍ സാധിക്കും. വംശീയതക്കെതിരായ പോരാട്ടം വൈകാരികമാവുന്നത് സംഘ്പരിവാറിനായിരിക്കും ഗുണപ്രദമാവുക എന്ന് അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു.
പൊതുസമൂഹത്തിലെ പല പ്രമുഖരും ഇന്ന് ജയിലിനകത്ത് കഴിയുന്ന അവസ്ഥ ദാരുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. തനിമ പടിഞ്ഞാറന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എ. നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ബഷീര്‍ സ്വാഗതവും കെ.എം, അനീസ് നന്ദിയും പറഞ്ഞു. മുഹമ്മദലി പട്ടാമ്പി ഖിറാഅത്ത് നടത്തി. പരിപാടിയില്‍ ജിദ്ദ പ്രവാസി സമൂഹത്തിലെ വിത്യസ്ത തുറകളിലുളള നിരവധി പേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.