പാകിസ്താനി കൊല്ലപ്പെട്ട കേസ്: 12 വർഷത്തെ ജയിൽവാസത്തിനുശേഷം സജീർ സൈനുൽ ആബിദീന് മോചനം
text_fieldsറിയാദ്: പാകിസ്താനി കൊല്ലപ്പെട്ട കേസിൽ നീണ്ട 12 വർഷം സൗദിയിലെ ജയിലിൽ കഴിഞ്ഞ മലയാളിക്ക് മോചനം.
കൊല്ലം പാരിപ്പള്ളി സ്വദേശിയായ സജീർ സൈനുൽ ആബിദീൻ (43) ആണ് പ്ലീസ് ഇന്ത്യ എന്ന സംഘടനയുടെ ശ്രമഫലമായി മോചിതനായത്. സ്വന്തമായി ഒരു വീടുപോലുമില്ലാതിരുന്ന സജീർ 12 വർഷം മുമ്പ് ടാക്സിഡ്രൈവറായാണ് റിയാദിൽ എത്തിയത്.
സുലൈമാനിയയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ പാകിസ്താനി കൊല്ലപ്പെടാനിടയായ സംഭവത്തിൽ ഉൾപ്പെട്ടു എന്ന ആരോപണത്തിലാണ് സജീറും കൊല്ലം, തിരുവനന്തപുരം സ്വദേശികളായ മറ്റു നാലു പേരും അറസ്റ്റിലായത്. കൺസ്ട്രക്ഷൻ കമ്പനിയിൽനിന്നു പണവും രേഖകളും സൂക്ഷിച്ച ലോക്കർ തട്ടിയെടുക്കുകയും കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായ പാകിസ്താനിയെ കൊലപ്പെടുത്തുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യം ചെയ്ത യഥാർഥ പ്രതികൾ അപ്പോഴേക്കും രാജ്യം വിട്ടുപോയിരുന്നു. ആ പ്രതികളെ സഹായിച്ചു എന്നാരോപിച്ചാണ് സജീറിനെയും സുഹൃത്തുക്കളെയും കോടതി മൂന്നു വർഷത്തേക്ക് ശിക്ഷിച്ചത്. എന്നാൽ, ഇത് 12 മുതൽ 16 വരെ വർഷമായി പിന്നീട് കോടതി നീട്ടുകയും ചെയ്തു. സജീർ ജയിലിൽനിന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകൻ അൻഷാദ് കരുനാഗപ്പള്ളിയെ ഫോണിലൂടെ ബന്ധപ്പെട്ട് സഹായം തേടിയതാണ് സഹായകമായത്. അദ്ദേഹം പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയെ വിഷയം അറിയിച്ചു.
അദ്ദേഹത്തിെൻറ നിർദേശത്തെ തുടർന്ന് പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ ഭാരവാഹി സുധീഷ അഞ്ചുതെങ്ങ് നാട്ടിൽ കുടുംബവുമായി ബന്ധപ്പെടുകയും മോചനത്തിനുള്ള ശ്രമം പ്ലീസ് ഇന്ത്യ ഏറ്റെടുക്കുകയുമായിരുന്നു.
മൂന്നു മാസത്തെ നിയമ പോരാട്ടത്തിനൊടുവിൽ സജീർ സൈനുൽ ആബിദീെൻറ മോചനം സാധ്യമായി.
ജയിൽവാസത്തിനിടയിൽ പിതാവ് മരിച്ചിരുന്നു. നാട്ടിൽ കാത്തിരിക്കുന്ന മാതാവ് ഒസീലയുടെയും ഭാര്യ ഷെമി, മക്കളായ അഫ്റാന, അജ്മി എന്നിവരുടെയും അടുത്തേക്ക് 12 വർഷത്തിനുശേഷം റിയാദിൽനിന്നു കൊച്ചിയിലേക്കുള്ള ജസീറ എയർവൈസ് വിമാനത്തിൽ സജീർ മടങ്ങി. ലത്തീഫ് തെച്ചിക്കും അൻഷാദ് കരുനാഗപ്പള്ളിക്കും ഒപ്പം പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ നേതാക്കളായ സുധീഷ അഞ്ചുതെങ്ങ്, അഡ്വ. ജോസ് അബ്രഹാം, നീതുബെൻ, അഡ്വ. റിജിജോയ്, മൂസ മാസ്റ്റർ, വിജയ ശ്രീരാജ്, റബീഷ് കോക്കല്ലൂർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി സഹായവുമായി ഉണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന മറ്റൊരു മലയാളിയായ കൊല്ലം സ്വദേശി സുൽഫി റഷീദിെൻറ മോചനത്തിനായി കേരളത്തിൽനിന്നും അദ്ദേഹത്തിെൻറ ബന്ധുക്കൾ പ്ലീസ് ഇന്ത്യയെ സമീപിച്ചതായും മോചനത്തിനായുള്ള നിയമനടപടികൾ ആരംഭിച്ചതായും ലത്തീഫ് തെച്ചിയും അൻഷാദ് കരുനാഗപ്പള്ളിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.