പാലക്കാട് ജില്ല കെ.എം.സി.സി ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
text_fieldsജിദ്ദ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർഥം കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി 10 മുതൽ ജിദ്ദ മഹ്ജർ എംപറർ സ്റ്റേഡിയത്തിൽ നടക്കുന്ന ഒന്നാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജിദ്ദയിലെ പ്രമുഖരായ എട്ട് ടീമുകൾ ബൂട്ടണിയും.
ബാർക്ലൈസ് എഫ്.സി, സമ യുനൈറ്റഡ് എഫ്.സി, അമിഗോസ് എഫ്.സി, ഹീറോസ് എഫ്.സി, സിൽവർ സ്റ്റാർ എഫ്.സി, സോക്കർ വാദി എഫ്.സി, അൽവഹ എഫ്.സി, അൽ ഗർണി എഫ്.സി എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക. നാല് ക്വാർട്ടർ, രണ്ട് സെമി, ഫൈനൽ എന്നിങ്ങനെ ഏഴ് കളികളായിരിക്കും ഉണ്ടാവുക. വിജയികൾക്ക് 2,001 റിയാൽ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 1,001 റിയാൽ കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും.
ടൂർണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാകാരന്മാർ അണിനിരക്കുന്ന മാർച്ച് പാസ്റ്റും ഉണ്ടായിരിക്കും. കലാ-കായിക-സാംസ്കാരിക രംഗത്തെ പ്രതിഭകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റിൽ ഗ്രീൻസ് ജിദ്ദ ടീം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, എംബസി സ്കൂൾ ടീം അണിയിച്ചൊരുക്കുന്ന ബാൻഡ് വാദ്യം, മണ്ണാർക്കാട് ബോയ്സ് അവതരിപ്പിക്കുന്ന കോൽക്കളി, ടീം ഖുലൈസിന്റെ ഒപ്പന, ജിദ്ദയിലെ ഗായകരുടെ ഗാനാലാപനം തുടങ്ങിയ കലാപ്രകടനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റ് ഫിക്സ്ചർ പ്രകാശനവും വാർത്താസമ്മേളനത്തിൽ നടന്നു. കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഹബീബുല്ല പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹുസൈൻ കരിങ്കറ, ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ, സെക്രട്ടറി സുഹൈൽ നാട്ടുകൽ, ആബിദ് പട്ടാമ്പി, ടെക്നിക്കൽ ടീം അംഗങ്ങളായ നിസാർ മണ്ണാർക്കാട്, ഗഫാർ മണ്ണാർക്കാട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.