പാലക്കാട് സ്വദേശി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsമദീന: ജോലികഴിഞ്ഞ് മദീനയിലേക്കുള്ള യാത്രക്കിടയിൽ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി കറുപ്പൻ വീട്ടിൽ ഷാനവാസ് (44) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.
ലൈസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലി കഴിഞ്ഞ് മദീനയിൽ കുടുംബത്തിന്റെ അടുത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെട്ടത്. മദീന ടൗണിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ വെച്ച് ട്രൈലറുമായി അദ്ദേഹത്തിന്റെ വാഹനം കൂട്ടിയിടിച്ചായിരുന്നു അപകടം. സാരമായ പരിക്കേറ്റ ഷാനവാസിനെ മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്‌സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
കറുപ്പൻവീട്ടിൽ സിദ്ധീഖ്-ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: സജിന ഷാനവാസ്, മക്കൾ: സലിം, സഹൽ, സയാൻ. ഭാര്യയും രണ്ട് മക്കളും സന്ദർശക വിസയിൽ മദീനയിലുണ്ട്. മൂത്ത മകൻ സലിം പഠനവുമായി ബന്ധപ്പെട്ട് നാട്ടിലാണ്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാമൂഹിക പ്രവർത്തകരായ ശരീഫ് കാസർകോട്, നിസാർ കരുനാഗപ്പള്ളി, അഷ്‌റഫ് ചൊക്ലി, നജീബ് പത്തനംതിട്ട എന്നിവർ തുടർ നടപടികൾക്കായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.