കേരളപ്പിറവി ദിനത്തിൽ ജിദ്ദയിൽ ‘പാലക്കാടൻ നൈറ്റ്’
text_fieldsജിദ്ദ: പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മയുടെ ഒന്നാം വാർഷികം ‘പാലക്കാടൻ നൈറ്റ്’ എന്ന പേരിൽ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30 നാരംഭിക്കുന്ന ആഘോഷ പരിപാടി കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന് സൂരി ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടക്കും. പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ സിനിമാ പിന്നണി ഗായകർ ഹനാൻ ഷാ, ശിഖ പ്രഭാകരൻ, ഇഹ്സാൻ (ഈച്ചൂ) തുടങ്ങിയ കലാകാരന്മാർ പങ്കെടുക്കുന്ന വാർഷികാഘോഷ പരിപാടിയിൽ റിയാദ് ടാക്കീസ് അവതരിപ്പിക്കുന്ന ശിങ്കാരി മേളവും ഉണ്ടായിരിക്കും.
ജിദ്ദയിലെ അക്കാദമികളായ ഗുഡ് ഹോപ്, ഫിനോം ടീമുകളുടെ നൃത്തങ്ങൾ, പാലക്കാടൻ കലാരൂപങ്ങളായ കന്യാർക്കളി, കൊയ്ത്തു പാട്ട്, പുള്ളുവൻ പാട്ട്, കുംഭക്കളി, പൂതനും തറയും, മയിലാട്ടം തുടങ്ങിയ കലാ ഇനങ്ങളും പരിപാടിയിൽ അവതരിപ്പിക്കും. ആയിരത്തോളം കലാസ്വാദകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
നേരത്തേ എത്തുന്നവർക്കായിരിക്കും മുൻഗണന എന്നും കോൺസുലേറ്റ് അങ്കണത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറം ആളുകളെത്തിയാൽ അകത്തേക്ക് പ്രവേശനം സാധ്യമായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു. 2023 സെപ്റ്റംബർ ഒന്നിനാണ് ജിദ്ദയിലെ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മ രൂപം കൊണ്ടത്.
ജില്ലയിലുള്ള ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനും, അവരുടെ ഉന്നമനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
തൊഴിൽ രഹിതർക്ക് ജോലി കണ്ടെത്താൻ സഹായിക്കുക, ചികിത്സയിലുള്ളവർക്ക് ആവശ്യമെങ്കിൽ മരുന്ന് എത്തിച്ചു കൊടുക്കുക, താമസ സൗകര്യമില്ലാത്തവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുക്കുക, ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുക പോലുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മക്ക് കീഴിൽ നടന്നുവരുന്നത്.
എട്ടംഗ ഉപദേശക സമിതിയും 37 അംഗങ്ങളുൾപ്പെടുന്ന കമ്മിറ്റിക്കും പുറമെ കൂട്ടായ്മക്ക് കീഴിൽ വിവിധ സബ് കമ്മിറ്റികളും വിപുലമായ വനിതാ വിങും നിലവിലുണ്ട്.
കൂട്ടായ്മയിൽ അംഗമാവാൻ ആഗ്രഹിക്കുന്ന ജിദ്ദയിലെ പാലക്കാട് ജില്ലക്കാർക്ക് അബ്ദുൽ അസീസ് പട്ടാമ്പി (0507592949), ജിദേശ് കുന്നത്ത് (0502508324), മുജീബ് തൃത്താല (0508659343) എന്നിവരെ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി, ജനറൽ സെക്രട്ടറി ജിദേശ് കുന്നത്ത്, വൈസ് പ്രസിഡൻറ് മുജീബ് തൃത്താല, ജോയിന്റ് സെക്രട്ടറി എൻജി. റഷീദ് കൂറ്റനാട്, ഇവന്റ് കൺവീനർ നവാസ് മേപ്പറമ്പ്, മീഡിയ കൺവീനർ മുജീബ് മൂത്തേടത്ത്, ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ, വെൽഫെയർ കൺവീനർ ഷൗക്കത്ത് പനമണ്ണ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.