ഫലസ്തീൻ: അന്തർദേശീയ വിദ്യാർഥി സെമിനാർ
text_fieldsറിയാദ്: ‘ഫലസ്തീൻ ചരിത്രവും വർത്തമാനവും’ വിഷയത്തിൽ മോഡേൺ ഇൻറർനാഷനൽ സ്കൂളിൽ വിദ്യാർഥി സെമിനാർ നടന്നു. ഫലസ്തീൻ എന്ന രാജ്യത്തിന്റെയും ജനതയുടെയും ഭൂതകാലത്തെ ഖനനം ചെയ്തുകൊണ്ട് വർത്തമാനകാലത്തെ നിലക്കാത്ത സംഘർഷങ്ങളിലേക്കുള്ള എത്തിനോട്ടമായിരുന്നു ഈ ചർച്ചാസംഗമം.
വിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടന്ന സെമിനാറിൽ ഗ്രേഡ് 10ലെ റാഷിദ് സുബൈർ ഖാൻ (നേപ്പാൾ) മോഡറേറ്ററായിരുന്നു. ഗ്രേഡ് 10ലെ മിലൻ മനോജ് (ഇന്ത്യ) ‘ഫലസ്തീൻ ഒരു വിശുദ്ധഭൂമി എന്ന നിലയിൽ’ ശീർഷകത്തിൽ സംസാരിച്ചു.
10ാം ഗ്രേഡ് (ഇന്ത്യൻ) വിദ്യാർഥികളായ മാസിൻ നിസാമുദ്ദീൻ, കെ.പി. മുഹമ്മദ് ഹിഷാം എന്നിവർ ‘സിയോണിസം: ചരിത്ര വസ്തുതകൾ’, ‘പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്രായേലിന്റെ ആവിർഭാവവും’ വിഷയങ്ങൾ അവതരിപ്പിച്ചു. ‘ഫലസ്തീൻ പ്രശ്നത്തെക്കുറിച്ചുള്ള നെഹ്റുവിയൻ വീക്ഷണം’ എന്ന തലക്കെട്ടിൽ ടി.കെ. മുആദും സംസാരിച്ചു.
വിദ്യാർഥികൾക്ക് ഫലസ്തീന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രവും ഫലസ്തീൻ സ്വാതന്ത്ര്യ പോരാട്ടങ്ങൾ രൂപപ്പെട്ട പശ്ചാത്തലവും അനാവരണം ചെയ്യുകയായിരുന്നു സെമിനാറിന്റെ ലക്ഷ്യം. അഹ്മദ് റാസ (പാകിസ്താൻ) സ്വാഗതവും ഉമർ ബരീർ ഖലീഫ (സുഡാൻ) നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.