നന്ദി പറഞ്ഞ് രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾ
text_fieldsമിന: ‘ഹജ്ജിന് അവസരം നൽകി ഞങ്ങളെ ആദരിച്ചവരെ ദൈവം ആദരിക്കട്ടെ...’ ഫലസ്തീനിലെ ഗസ്സയിൽനിന്ന് സൽമാൻ രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തിയ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളായ തീർഥാടകരുടെ വാക്കുകളാണിത്. ഫലസ്തീൻ ഗസ്സയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽനിന്നുള്ള 1,000 തീർഥാടകർക്കാണ് ഇത്തവണ സൽമാൻ രാജാവ് ആതിഥ്യമരുളിയത്. പുണ്യഭൂമിയിലെത്തിയ നിമിഷം മുതൽ തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിനും സമഗ്ര സേവനത്തിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അവർ നന്ദി പറഞ്ഞു.
‘എനിക്ക് മകനെ നഷ്ടപ്പെട്ടു, പക്ഷേ ദൈവം ഹജ്ജിന് അവസരം നൽകി എന്നെ ആദരിച്ചിരിക്കുന്നു. ഇതിന് അവസരമൊരുക്കിയവരെ ദൈവം അനുഗ്രഹിക്കട്ടെ’ നിഹാദ് എന്ന രക്തസാക്ഷിയുടെ മാതാവ് ‘അൽഅഖ്ബാരിയ’ ചാനലിനോട് പറഞ്ഞു. ‘രാജ്യത്തിലെത്തിയതിന് ശേഷം ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ജീവിതത്തിലൊരിക്കലും ഇതുപോലൊരു സേവനങ്ങൾ കണ്ടിട്ടില്ല. ആ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു. ഇത് ശക്തമായ മാനസിക ആശ്വാസം നൽകുന്നു’ പരിക്കേറ്റ ഫലസ്തീനിൽനിന്നുള്ള ഒരാൾ പറഞ്ഞു.
‘പുണ്യഭൂമിയിലെത്തിയതു മുതൽ ഒരാളിൽനിന്ന് അവഗണനയോ സേവന വീഴ്ചയോ നേരിട്ടില്ലെന്ന് ഉമ്മു ബക്കർ എന്ന മാതാവ് പറഞ്ഞു. 22 വർഷമായി ഇസ്രായേലിന്റെ തടവിലാണ് ഉമ്മുബക്കറിന്റെ മകൻ. സൽമാൻ രാജാവിന്റെ ആയുസ്സ് വർധിക്കട്ടെ. ദൈവം കൂടുതൽ ആരോഗ്യവും സൗഖ്യവും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. തന്റെ രാജ്യത്തോടൊപ്പമുള്ള സൗദിയുടെ നിലപാടിനുള്ള നന്ദി എത്ര പറഞ്ഞാലും തീരാത്തതാണെന്നും ഉമ്മു ബക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.