ഫലസ്തീൻ കുട്ടി മരിച്ച വാഹനാപകട കേസ്; നഷ്ടപരിഹാരം കൊടുക്കാനില്ലാതെ ജയിലിലായ കൊല്ലം സ്വദേശിക്ക് മോചനം
text_fieldsറിയാദ്: റോഡപകടത്തിൽ 16 വയസ്സുള്ള ഫലസ്തീൻ വിദ്യാർഥി മരിച്ചതിനെ തുടർന്ന് ജയിലിലായ കൊല്ലം അഞ്ചല്‍ സ്വദേശി ഷാജഹാൻ മോചിതനായി. അൽ ഖർജിൽ 26 വർഷമായി ടാങ്കർ ലോറി ഡ്രൈവറായ ഷാജഹാൻ ഓടിച്ച വാഹനം ഫലസ്തീൻ കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ചായിരുന്നു അപകടം.
മരിച്ച കുട്ടിയുടെ പിതാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ച് നാലിനായിരുന്നു അപകടം. വാഹനത്തിെൻറ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതിനാൽ ഷാജഹാൻ ജയിലിലായി. സ്പോൺസർ കൈയൊഴിയുകയും ജാമ്യത്തിലെടുക്കാൻ ആളില്ലാതെ വന്നതോടെ ജയിൽവാസം തുടരേണ്ടിവന്നു.
ഷാജഹാെൻറ കുടുംബത്തിെൻറ അഭ്യർഥനയെ തുടർന്ന് സുഹൃത്തുക്കളായ ബെന്നി ജോസഫ്, അഷ്റഫ് വീരാജ്പേട്ട് എന്നിവര്‍ അൽ ഖര്‍ജ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, ഇസ്മാഈല്‍ കരിപ്പൂര്‍ എന്നിവരുടെ സഹായം തേടി. വിഷയത്തില്‍ ഇടപെടാന്‍ കുടുംബത്തിെൻറ പ്രതിനിധിയായി സാമൂഹിക പ്രവര്ത്തകന് സിദ്ദീഖ് തുവ്വൂരിന് ഇന്ത്യന്‍ എംബസി അനുമതിപത്രവും നൽകി.
മരിച്ച കുട്ടിയുടെ പിതാവും മറ്റു കുടുംബാംഗങ്ങളുമായും സ്പോണ്‍സറുമായും സംസാരിച്ച് നാലര ലക്ഷം റിയാലിൽനിന്ന് നഷ്ടപരിഹാരം ചികിത്സക്ക് ചെലവായ 80,000 റിയാല്‍ മാത്രമാക്കി കുറപ്പിക്കാൻ സാമൂഹികപ്രവർത്തകർക്ക് കഴിഞ്ഞു. ഒരു മാസത്തിനകം പണം നല്കിയാല് കേസ് പിന്‍വലിക്കാമെന്ന് ഫലസ്തീനി കുടുംബം സമ്മതിച്ചു.
തുടർന്ന് സൗദി കെ.എം.സി.സി കൊല്ലം ജില്ല ഭാരവാഹികളായ നജീം അഞ്ചല്‍, ഫിറോസ് കൊട്ടിയം തുടങ്ങിയവരുടെ നേതൃത്വത്തില്‍, നാട്ടിലെ വാര്‍ഡ് മെംബര്‍ നസീര്‍ പത്തടി, റാഫി പത്തടി എന്നിവരുടെ സഹകരണത്തോടെ കമ്മിറ്റി രൂപവത്കരിച്ച് പണം സ്വരൂപിച്ചു. അൽ ഖര്‍ജ് ഫര്സാന് ഏരിയ കെ.എം.സി.സി കമ്മിറ്റിയും എസ്.ഐ.സി സൗദി നാഷനല്‍ കമ്മിറ്റിയും വേണ്ട സഹായങ്ങള്‍ ചെയ്തു.
സമാഹരിച്ച തുക മരിച്ച ബാലെൻറ കുടുംബത്തിന് കൈമാറിയ ശേഷം കേസ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്‍പ്പാക്കി. അതിനിടെ പബ്ലിക് റൈറ്റ് പ്രകാരം കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എട്ട് മാസമായി ജയിലിൽ ആയിരുന്നതിനാൽ അത് ശിക്ഷയാക്കി പരിഗണിച്ച് അടുത്ത ദിവസം തന്നെ മോചിതനാക്കുകയായിരുന്നു.
നഷ്ടപരിഹാരത്തിെൻറ കാര്യത്തിൽ ഒത്തുതീർപ്പിൽ എത്തിയില്ലായിരുന്നെങ്കിൽ ഭാരിച്ച തുക കൊടുക്കുന്നതുവരെയും ജയിലിൽ കഴിയേണ്ടി വന്നേനെ. പ്രായമായ ഉമ്മ ഉള്‍പ്പെടെയുള്ള കുടുംബത്തിന് ഷാജഹാെൻറ ജയില്‍ മോചനം വലിയ ആശ്വാസമായി.
വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതാണ് ജയിലിലാകാൻ ഇടയാക്കിയത്. സ്പോൺസർമാരോ കമ്പനിയോ നിർബന്ധിച്ചാലും ഇൻഷുറൻസ് ഇല്ലാത്ത വാഹനവുമായി നിരത്തിലിറങ്ങരുതെന്നും ഇതുപോലുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും സാമൂഹികപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.