ഫലസ്തീൻ അവകാശസംരക്ഷണത്തിന് പൂർണ പിന്തുണയെന്ന് സൗദി
text_fieldsയാംബു: ഫലസ്തീൻ ജനതയുടെ അവകാശസംരക്ഷണത്തിനും സ്വതന്ത്ര രാഷ്ട്ര പദവിക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ. റിലീഫ് വർക്ക് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) സമ്മേളനത്തിലാണ് വിഷയത്തിൽ സൗദി നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.
ഫലസ്തീനികളുടെ അവകാശങ്ങൾക്കും ആ രാഷ്ട്രത്തിന്റെ സ്വതന്ത്രപദവിക്കും വേണ്ടിയാണ് എന്നും എവിടെയും സൗദി നിലകൊള്ളുകയെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധിയും അംബാസഡറുമായ അബ്ദുൽ അസീസ് അൽവാസിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.
തങ്ങളുടെ ഭൂമി വീണ്ടെടുക്കാനും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുമുള്ള ഫലസ്തീൻ ജനതയുടെ ആഗ്രഹത്തിനും അവകാശത്തിനും ഉറച്ച പിന്തുണയാണ് നൽകുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും സന്ദേഹങ്ങൾക്കോ സംശയങ്ങൾക്കോ പഴുതില്ല. ഫലസ്തീൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾക്ക് സുസ്ഥിരമായ പരിഹാരങ്ങൾ തേടുന്നതിന് യു.എൻ.ആർ.ഡബ്ല്യു.എയുടെ ദാതാക്കളായ രാജ്യങ്ങളുടെ വലിയ പിന്തുണ ഉണ്ടാവണം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണം. ഈ യു.എൻ ഏജൻസിയുടെ പ്രവർത്തനവും ഫലസ്തീൻ പ്രശ്നത്തിലെ ഇടപെടലുകളും ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഫലസ്തീനികൾക്ക് ഏകദേശം 8.5 കോടി ഡോളർ അടിയന്തര സഹായമായി സൗദി അറേബ്യ നൽകിയതും അദ്ദേഹം പരാമർശിച്ചു. ഇതിൽ 5.5 കോടി ഡോളർ യു.എൻ.ആർ.ഡബ്ല്യു.എ വഴിയാണ് സൗദി നൽകിയത്. കൂടാതെ 54 വിമാനങ്ങളും എട്ട് കപ്പലുകളും വഴി 7,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും താൽക്കാലിക വീട് നിർമാണ സാമഗ്രികളും ഗസ്സയിലെത്തിച്ചു. മാത്രമല്ല എയർലിഫ്റ്റ് വഴിയും ഭക്ഷണവസ്തുക്കൾ ജനങ്ങൾക്ക് വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നടന്ന യു.എൻ.ആർ.ഡബ്ല്യു.എ വാർഷിക സമ്മേളനത്തിൽ സംഘടനയെ പിന്തുണക്കുന്ന 118 രാജ്യങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.