ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾ; ഇസ്രായേലിനെതിരെ ഫലപ്രദമായ ഉപരോധം ഏർപ്പെടുത്തണം - അറബ്, മുസ്ലിം രാജ്യ മന്ത്രിതല സമിതി
text_fieldsറിയാദ്: അറബ്-ഇസ്‌ലാമിക് ഉച്ചകോടി തീരുമാനപ്രകാരം ഗസ്സ മുനമ്പിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ അറബ്, മുസ്ലിം രാജ്യങ്ങളുടെ മന്ത്രിതല സമിതി റിയാദിൽ യോഗം ചേർന്നു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല യോഗത്തിൽ അധ്യക്ഷത വഹിച്ചു. സൗദിക്ക് പുറമെ ജോർദാൻ, ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാരും ഖത്തർ, പലസ്തീൻ അതോറിറ്റി, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒ.ഐ.സി) എന്നിവയുടെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾക്ക് മറുപടിയായി ഇസ്രായേലിന്മേൽ ഫലപ്രദമായ ഉപരോധം ഏർപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങളുടെയും, മാനുഷിക നിയമങ്ങളുടെയും ലംഘനത്തിനും ഗസ്സയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും അവർ ചെയ്യുന്ന യുദ്ധക്കുറ്റങ്ങൾക്കും മറുപടിയായി രാജ്യത്തേക്കുള്ള ഇസ്രാഈലിൽ നിന്നുള്ള ആയുധ ഇറക്കുമതി നിർത്തലാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് 'ഫലപ്രദമായ ഉപരോധം' ഏർപ്പെടുത്തണം.
യുദ്ധക്കുറ്റത്തിന് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കാൻ അന്താരാഷ്ട്ര നിയമ ഉപകരണങ്ങൾ സജീവമാക്കേണ്ടതിൻ്റെ ആവശ്യകതയും ഈ കുറ്റകൃത്യങ്ങളെക്കുറിച്ചും കുടിയേറ്റ ഭീകരത അവസാനിപ്പിക്കേണ്ടതിൻ്റെയും അതിനെതിരെ വ്യക്തവും ഉറച്ചതുമായ നിലപാടുകൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മന്ത്രിമാർ ഊന്നിപ്പറഞ്ഞു. പലസ്തീനികളെ അവരുടെ പൂർവ്വിക ദേശങ്ങളിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾ നിരസിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ ചർച്ച ചെയ്തു. 1967 ജൂൺ നാലിന് കിഴക്കൻ ജറുസലേം തലസ്ഥാനമായി അതിർത്തിയിൽ പാലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നതിനും പ്രസക്തമായ അന്താരാഷ്ട്ര പ്രമേയങ്ങൾക്കനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും യോഗം ചർച്ച ചെയ്തു.
പലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൻ്റെ അന്താരാഷ്ട്ര അംഗീകാരം ലക്ഷ്യമാക്കിയുള്ള എല്ലാ ശ്രമങ്ങളും തുടരുന്നതിനൊപ്പം, ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ അറബ്, ഇസ്‌ലാമിക സംയുക്ത പ്രവർത്തനം ശക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സിവിലിയൻമാരുടെ സംരക്ഷണം ഉറപ്പാക്കൽ, ഗസ്സ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലും മതിയായതും സുസ്ഥിരവുമായ മാനുഷിക സഹായം എത്തിക്കൽ തുടങ്ങിയ കാര്യങ്ങളും മന്ത്രിതല യോഗം ചർച്ച ചെയ്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളിൽ സമാധാനപരമായി പ്രകടനം നടത്തുന്നവർക്കെതിരെ ചില രാജ്യങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചും ഫലസ്തീനികൾക്കെതിരായ ഗുരുതരമായ ഇസ്രാഈലി കുറ്റകൃത്യങ്ങളെക്കുറിച്ചും ലംഘനങ്ങളെക്കുറിച്ചും മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.