നൂറുമേനി വിളയിച്ച് അൽ ഉലയിലെ ഈന്തപ്പനകൾ
text_fieldsയാംബു: സൗദിയിലെ വിശാലമായ പ്രാചീന നഗരങ്ങളിലൊന്നായ അൽഉല ഈന്തപ്പനകൃഷിക്ക് രാജ്യത്ത് പ്രസിദ്ധമായ ഇടമാണ്. 16,579 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ മേഖലയിൽ 31 ലക്ഷത്തിലധികം ഈന്തപ്പനകളാണുള്ളത്. ഈ തോട്ടങ്ങളിൽനിന്ന് പ്രതിവർഷം ഒരു ലക്ഷം ടണ്ണിലധികം ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നുണ്ട്. വിളവെടുപ്പിലെ മികവ് പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് ഏറെ ഉത്തേജനം നൽകുന്നു.
പുരാതനകാലത്ത് ശുദ്ധജലം സമൃദ്ധമായി ഒഴുകിയ രണ്ട് അരുവികൾക്കരികെ ഉയരം കൂടിയ ഈന്തപ്പനകൾ ധാരാളം ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇത് സൂചിപ്പിച്ചാണ് ഉയരം കൂടിയത് എന്ന അർഥം കിട്ടുന്ന ‘അൽ ഉല’ എന്ന പേര് പ്രദേശത്തിന് ലഭിച്ചത്.
ബർണി വിഭാഗത്തിൽപെടുന്ന ഈത്തപ്പഴത്തിന്റെ വൈവിധ്യമാർന്ന കൃഷികളാണ് അൽ ഉലയിൽ കൂടുതൽ കാണുന്നത്. ബർണി ഈത്തപ്പഴത്തിന്റെ ഇനങ്ങളിൽപെട്ട മബ്റും, മഷ്റൂഖ്, അൽ ആദി തുടങ്ങിയവ ഒരേ ഈന്തപ്പനയിൽ ഉണ്ടാകുന്ന അപൂർവ കാഴ്ചയും ഇവിടത്തെ ഒരു പ്രത്യേകതയാണ്. വിളവെടുപ്പ് സീസൺ ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 30 വരെയാണ്. തോട്ടങ്ങളിൽനിന്ന് വിളവെടുക്കുന്ന പ്രധാന ഇനം ‘ബർണി’ ഈത്തപ്പഴമാണ്.
അൽ ഉല റോയൽ കമീഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഉലയിൽ എല്ലാ ഒക്ടോബറിലും ഈത്തപ്പഴമേള സംഘടിപ്പിക്കുന്ന പതിവുണ്ട്. രാജ്യത്തെ ഈത്തപ്പഴ കൃഷിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഈത്തപ്പഴത്തിന്റെയും കാരക്കയുടെയും വിപണനവുമാണ് മേളയുടെ മുഖ്യ ലക്ഷ്യം. ഈത്തപ്പഴ ഉൽപാദനത്തിനും വിപണനത്തിനുമായി വൻ നിക്ഷേപകരെ ആകർഷിക്കും വിധമാണ് മേളയുടെ സംവിധാനം.
വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളും അനുബന്ധ ഉൽപന്നങ്ങളും മേളയിൽ അപൂർവ കാഴ്ചയായിരിക്കും. പരമ്പരാഗതമായി നിർമിക്കുന്ന നിരവധി കൈത്തറി, കരകൗശല വസ്തുക്കളും മേളയിൽ പ്രദർശനത്തിനുണ്ടാകും. കർഷകർക്ക് നേരിട്ട് അവരുടെ ഉൽപന്നങ്ങൾ വിൽപന നടത്താനുള്ള സൗകര്യങ്ങളുമുണ്ടാവും. ആഗോള വിപണിയിൽ നല്ല ഡിമാൻഡുള്ള ഒന്നാണ് അസാധാരണ ഗുണനിലവാരമുള്ള അൽ ഉല ഈത്തപ്പഴം.
ഉയർന്ന നിലവാരമുള്ള കാർഷിക ഉൽപന്നങ്ങളാണ് അൽ ഉലയിൽ കൃഷി ചെയ്യുന്നത്. കാർഷിക മേഖലയുടെ വളർച്ചക്കും അഭിവൃദ്ധിക്കും കർഷകർക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നൽകാൻ അൽ ഉല റോയൽ കമീഷൻ അതോറിറ്റി രംഗത്തുണ്ട്. സമൃദ്ധമായ ജലവും വളക്കൂറുള്ള ഭൂമിയും നൽകി ദൈവം കനിഞ്ഞരുളിയ ഈ പ്രദേശം മദീന പ്രവിശ്യയിലെ വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. മദീനയിൽനിന്നും ഇവിടേക്ക് 400 കിലോമീറ്ററാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.