രോഗം വീഴ്ത്തിയയാളെ വണ്ടിയിടിച്ചു; പാണ്ടിയൻ വീരമണിയുടെത് ഞെട്ടിക്കുന്ന ദുരിതകഥ
text_fieldsറിയാദ്: ആദ്യം രോഗം വീഴ്ത്തി. പിന്നാലെ വാഹനാപകടവും. ഞെട്ടിക്കുന്ന ദുർവിധിയുടെ കഥയാണ് പാണ്ടിയൻ വീരമണിയുടേത്. തമിഴ്നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശിയാണ് എൻജിനീയറായ ഈ ഹതഭാഗ്യൻ.
സൗദിയിലെ നജ്റാനിൽ ഒരു പുതിയ വാട്ടർ കമ്പനിയിൽ പ്ലാൻറ് എൻജിനീയറായി എത്തിയതായിരുന്നു. ഇക്കഴിഞ്ഞ നവംബർ 24നാണ് വന്നത്. ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുന്നതിനിടെ മൂന്നാം ദിവസം തലകറങ്ങി വീണു. വലതു തോളിനും കൈക്കും ഗുരുതര പരിക്കേറ്റു. തോളെല്ലിന് സ്ഥാനചലനമുണ്ടായി. ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയായതോടെ നാട്ടിലേക്ക് തിരിച്ചയക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചു.
28ാം തീയതി ചെന്നൈയിലേക്കുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ പോകാൻ നജ്റാനിൽനിന്ന് റിയാദിലെത്തി. രാത്രിയിൽ ഡൊമസ്റ്റിക് ടെർമിനലിൽനിന്ന് ഇൻറർനാഷനൽ ടെർമിനലിലേക്ക് നടക്കുന്നതിനിടയിൽ വഴിതെറ്റി എയർപോർട്ടിന് പുറത്തെ ഹൈവേയിലേക്ക് പ്രവേശിച്ചു. പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിൽപെട്ട്, ഒരു വാഹനത്തിെൻറ ഇടിയേറ്റ് തെറിച്ചുവീണു. കൈകാലുകൾ ഒടിഞ്ഞും തലക്കും വാരിയെല്ലിനും ഗരുതര പരിക്കേറ്റും അബോധാവസ്ഥയിൽ റോഡരുകിൽ കിടന്നു.
പൊലീസെത്തി ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്യിലുണ്ടായിരുന്ന ബാഗും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും നഷ്ടമായതിനാൽ ആരാണെന്ന വിവരമില്ലായിരുന്നു. പഴ്സിൽനിന്ന് ബഹ്റൈനിൽ മുമ്പ് ജോലി ചെയ്തിരുന്ന കാലത്തെ ഐ.ഡി കണ്ടെത്തിയതിനാൽ അതിലെ വിവരങ്ങളാണ് ആശുപത്രിയിലെ അഡ്മിഷൻ രജിസ്റ്ററിൽ ചേർത്തത്.
ബഹ്റൈനിൽ ജോലി ചെയ്യുന്നയാൾ റിയാദിൽ വന്നപ്പോൾ അപകടത്തിൽ പെട്ടതെന്ന് പൊലീസും ആശുപത്രിയധികൃതരും കരുതി. ആശുപത്രിയിലെത്തിയ സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അയാളിൽനിന്ന് നാട്ടിലെ ഫോൺ നമ്പർ വാങ്ങി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ് സൗദിയിൽ ജോലിക്കെത്തിയയാളാണെന്ന് തിരിച്ചറിയുന്നത്. നജ്റാനിലെ കമ്പനിയധികൃതരുടെ വിവരങ്ങൾ ശേഖരിച്ച് അവരെ ബന്ധപ്പെട്ട് അപകടവിവരം അറിയിച്ചു.
10 ദിവസം ഐ.സി.യുവിലും 15 ദിവസം വാർഡിലും കിടന്നു. ആകെ 1,45,000 റിയാൽ ചികിത്സാ ബില്ല് വന്നു. തൊഴിലുടമ ബില്ല് കൊടുക്കാൻ തയാറായില്ല. ഇഖാമ എടുക്കുന്നതിന് മുമ്പായിരുന്നു അപകടമെന്നതിനാൽ ഹെൽത്ത് ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഹൈവേയിൽ തെറ്റായി പ്രവേശിച്ചുണ്ടായ അപകടമായതിനാൽ അതിെൻറ ഉത്തരവാദിയും അയാളെന്ന നിലയിൽ ആ നിലക്കുള്ള ആനുകൂല്യത്തിനും അർഹതയില്ലാതായി.
ഇന്ത്യൻ എംബസി കൂടി ഇടപെട്ടതോടെ ബില്ല് കെട്ടാതെ തന്നെ ഡിസ്ചാർജ് നൽകാൻ ഒടുവിൽ ആശുപത്രി മാനേജ്മെൻറ് തയാറായി. മനസലിഞ്ഞാണ് അവരതിന് തയാറായതെന്നും ബില്ലിെൻറ കാര്യത്തിൽ എന്തെങ്കിലും വഴി കണ്ടെത്താമെന്ന് പറഞ്ഞാണ് മാനേജർമാരായ ഷംസീറും സുജിത് അലി മൂപ്പനും അത് ചെയ്തതെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.
നാട്ടിലേക്കുള്ള യാത്രാസൗകര്യം ഒരുങ്ങുന്നതുവരെ ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ മുറിയെടുത്ത് താമസിപ്പിച്ചു. ശിഫ അൽജസീറ ക്ലിനിക്കിൽനിന്ന് ആവശ്യമായ പരിചരണം ലഭ്യമാക്കി. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ഹോട്ടൽ ചെലവും ഇന്ത്യൻ എംബസി വഹിച്ചു.പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടമായതിനാൽ എംബസി പകരം ഔട്ട് പാസ് അനുവദിക്കുകയായിരുന്നു. ആ സമയത്ത് റിയാദ് സന്ദർശിച്ച സി.ആർ. മഹേഷ് എം.എൽ.എ ഔട്ട്പാസ് അയാൾക്ക് കൈമാറി. പരിക്കുകളെല്ലാം ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. ശിഹാബ് കൊട്ടുകാടിനൊപ്പം ഈ പ്രവർത്തനങ്ങൾക്ക് തുണയായി തമിഴ്നാട് സ്വദേശി ലോക്നാഥുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.