അധ്യാപനത്തെ പ്രണയിച്ച പരീത് ഉമർ നാട്ടിലേക്ക് മടങ്ങുന്നു
text_fieldsഉമർ മാസ്റ്റർ
സുലൈമാൻ വിഴിഞ്ഞം
റിയാദ്: വിദ്യാഭ്യാസ രംഗത്ത് മൂന്നു പതിറ്റാണ്ടുകൾ സേവനമർപ്പിച്ചശേഷം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ പരീത് ഉമർ പടിയിറങ്ങുന്നു. സ്കൂളിനെ മുന്നിൽനിന്ന് നയിക്കുകയും പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച നേതൃത്വം നൽകുകയുംചെയ്ത അധ്യാപകനാണ് പരീത് ഉമർ. അധ്യാപനവൃത്തിയോടും വിദ്യാർഥികളും സഹപ്രവർത്തകരുമടങ്ങുന്ന പ്രിയപ്പെട്ടവരോടും യാത്ര പറയുമ്പോൾ മാഷിന് നൊമ്പരങ്ങളേറെ. കാരണം വലിയൊരു സൗഹൃദവൃന്ദത്തോടും സ്നേഹവലയത്തോടുമാണ് അദ്ദേഹം വിട പറയുന്നത്.
എറണാകുളം പെരുമ്പാവൂർ സ്വദേശി പരീത് ഉമർ 1992ലാണ് ഇക്കണോമിക്സ് ഡിപ്പാർട്മെൻറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. സീനിയർ വിഭാഗത്തിൽ ധനതത്ത്വ ശാസ്ത്രാധ്യാപകൻ, സൂപ്പർവൈസർ എന്നീ നിലകളിൽ നീണ്ടകാലം സേവനമനുഷ്ഠിച്ചു. 'തനിമ'യുടെ സന്തതസഹചാരിയായ മാഷ് സാമൂഹിക സാംസ്കാരിക രംഗത്ത് പ്രഭാഷകൻ, സംഘാടകൻ, കലാകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ഇന്ത്യൻ സ്കൂളിൽ സാമൂഹിക ശാസ്ത്രാധ്യാപികയായിരുന്ന മീരയാണ് ഭാര്യ. മൂത്തമകൻ ആരിഫ് ഉമർ എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടൻറാണ്. ഇളയവൻ ആദിൽ ഉമർ റഷ്യയിൽ മൂന്നാം വർഷ വൈദ്യവിദ്യാർഥിയാണ്.
ഇന്ത്യൻ സമൂഹത്തിെൻറ പരിച്ഛേദമായ എല്ലാ വിഭാഗം കുട്ടികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ഉമർ മാഷ് പറഞ്ഞു. വിവിധ ജീവിതരീതികളെയും സംസ്കാരങ്ങളെയും അടുത്തറിയാൻ കഴിഞ്ഞു. നാനാ തുറകളിൽ നിന്നെത്തിയ അവർ വലിയ പാഠങ്ങളാണ് നൽകിയതെന്ന് അദ്ദേഹം ഓർക്കുന്നു. കോവിഡ് മഹാമാരിയുടെ വരവോടെ കുട്ടികൾക്ക് ക്ലാസ് റൂം നഷ്ടപ്പെട്ടത് വലിയൊരു പോരായ്മയായിരുന്നു. ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും വലിയ പ്രയാസങ്ങളാണ് സൃഷ്ടിച്ചത്. സ്കൂൾ കലോത്സവം, ക്ലസ്റ്റർ മീറ്റിങ്ങുകൾ, സ്പോർട്സ്, െഗയിംസ്, അധ്യാപകരും സഹപാഠികളോടൊപ്പമുള്ള സംഘം ചേരലും പങ്കുവെക്കലും ഉൾപ്പെടെ പലതും നഷട്മായി. ഇത് മാനസികവും ശാരീരികവുമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമായി. പലതും ഓൺലൈനിലൂടെ പരിഹരിക്കാനാവില്ല. അതേസമയം സാങ്കേതിക സൗകര്യങ്ങൾ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സഹായകമായിട്ടുണ്ട്.
നാട്ടിലെത്തിയാലും അധ്യാപന രംഗത്ത് തുടരാനാണ് മോഹം. അൽപം കൃഷിയിലും മുഴുകണമെന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം നാട്ടിലെത്തിയ ശേഷമേ തീരുമാനമാകൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്കാരിക വേദി, സിജി റിയാദ് ചാപ്റ്റർ, പെരുമ്പാവൂർ മഹല്ല് കമ്മിറ്റി,'തണൽ'എറണാകുളം ജില്ല എന്നീ വേദികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ മികച്ച അധ്യാപർക്കുള്ള സിജി പുരസ്കാരത്തിന് അർഹനായിരുന്നു. ഏപ്രിൽ ആദ്യവാരം നാട്ടിലേക്ക് തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.