ഭാഗികമായ രാജ്യാന്തര യാത്രാനുമതി ഇന്നു മുതൽ: വിമാനത്താവളങ്ങളിൽ ഒരുക്കം തുടങ്ങി
text_fieldsജിദ്ദ: രാജ്യാന്തര യാത്രക്കുള്ള വിലക്ക് സെപ്റ്റംബർ 15 മുതൽ ഭാഗികമായി നീക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതോടെ സൗദിയിലെ വിമാനത്താവളങ്ങളിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെ സ്വീകരിക്കാൻ ഒരുക്കം തുടങ്ങി. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കും മടങ്ങിവരുന്നവരെ വിമാനത്താവളത്തിൽ സ്വീകരിക്കുക.
കോവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർ കോവിഡ് മുക്തരല്ലെന്ന് തെളിയിക്കുന്നതും 48 മണിക്കൂറിനുള്ളിൽ ഇഷ്യൂ ചെയ്തതുമായ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളിൽ ഹാജരാക്കണം. തിരിച്ചെത്തിയ തീയതി മുതൽ ഏഴു ദിവസം ഹോം ക്വാറൻറീനിൽ കഴിയാമെന്ന പ്രതിജ്ഞ ഒപ്പിട്ടു നൽകണം, എട്ടു മണിക്കൂറിനുള്ളിൽ 'തത്മൻ' ആപ്ലിക്കേഷനിൽ താമസസ്ഥലം നിർണയിക്കുക തുടങ്ങിയവ മടങ്ങി വരുന്നവർക്കായി നിശ്ചയിച്ച ആരോഗ്യ സുരക്ഷ നടപടികളിലുൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.
കോവിഡ് മുൻകരുതലിെൻറ ഭാഗമായി ഇൗ വർഷം മാർച്ചിലാണ് സൗദി വിമാന സർവിസുകൾ നിർത്തലാക്കിയത്. ഏഴു മാസത്തോളമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകളാണ് ചൊവ്വാഴ്ച രാവിലെ ആറു മുതൽ ഭാഗികമായി പുനരാരംഭിക്കാൻ പോകുന്നത്. ആഭ്യന്തര സർവിസുകൾ ഒരു മാസം മുമ്പ് പുനരാരംഭിച്ചിരുന്നു.
രാജ്യാന്തര യാത്രക്കുള്ള വിലക്ക് ചൊവ്വാഴ്ച ഭാഗികമായി നീങ്ങുന്നതോടെ പല വിമാന കമ്പനികളും സൗദിയിലേക്ക് സർവിസ് നടത്താനുള്ള ഒരുക്കത്തിലാണ്. ജനുവരി ഒന്നിന് മുഴുവൻ പ്രവേശന കവാടങ്ങളും പൂർണമായും തുറക്കുന്നതോടെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രകൾ പൂർവസ്ഥിതിയിലാകും.
രാജ്യാന്തര വിമാന യാത്രകൾ പൂർണമായും ആരംഭിക്കുന്നതോടെ പല മേഖലകളും പ്രത്യേകിച്ച് ട്രാവൽ, കയറ്റുമതി, ഇറക്കുമതി രംഗങ്ങൾ സജീവമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, വിമാനങ്ങളുടെ ലഭ്യതയനുസരിച്ചായിരിക്കും സെപ്റ്റംബർ 15 മുതൽ റീഎൻട്രി, തൊഴിൽ, സന്ദർശക വിസക്കാരുടെ മടക്കമെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. വിമാന സർവിസുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. ഒരോ രാജ്യത്തിെൻറയും പ്രവേശന, എക്സിറ്റ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും സർവിസ് നടത്തുകയെന്നും സൗദി എയർലൈൻസ് ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 15 മുതൽ രാജ്യാന്തര യാത്രക്കുള്ള നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി റീഎൻട്രി, തൊഴിൽ, സന്ദർശക വിസക്കാരായ രാജ്യത്തെ താമസക്കാർക്ക് സൗദിയിലേക്ക് മടങ്ങാനും തിരിച്ചു പോകാനും അനുവാദം നൽകുന്ന തീരുമാനം ഞായറാഴ്ച യാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. കോവിഡ് പടരാതിരിക്കാൻ വേണ്ട പ്രതിരോധ, മുൻകരുതൽ നടപടിക്രമങ്ങൾക്ക് അനുസൃതമായിരിക്കും രാജ്യത്തേക്കുള്ള പ്രവേശനമെന്ന് തീരുമാനത്തിൽ പ്രത്യേകം ഉൗന്നിപറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.