റിയാദ് മെട്രോ ട്രെയിൻ ഭാഗിക സർവിസ് സെപ്റ്റംബറിൽ
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരത്തിെൻറ മുഖച്ഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയിലെ റിയാദ് മെട്രോ ട്രെയിൻ സർവിസ് ഇൗ വർഷം സെപ്റ്റംബറിൽ ഭാഗികമായി തുടങ്ങും. റിയാദ് റോയൽ കമീഷനാണ് ഇക്കാര്യമറിയിച്ചത്. നിലവിൽ മെട്രോയുടെ ട്രയൽ സർവിസ് തുടരുന്നുണ്ട്.
2020ൽ ഭാഗികമായി സർവിസ് ആരംഭിക്കുെമന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ ജോലികൾ നീളുകയായിരുന്നു. സൗദിയിലെ സമഗ്രമായ മെട്രോ ട്രെയിൻ നെറ്റ്വർക്കാണ് റിയാദിൽ ഒരുങ്ങുന്നത്. സെപ്റ്റംബറോടെ ആദ്യഘട്ട സർവിസ് തുടങ്ങുകയാണ് ലക്ഷ്യം. നഗരത്തിെൻറ സമഗ്ര വികസനത്തിന് അടുത്തിടെ രൂപവത്കൃതമായ റിയാദ് റോയൽ കമീഷൻ ഇതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുകയാണ്.
കോവിഡ് സാഹചര്യത്തിൽ ഇഴഞ്ഞുനീങ്ങുകയായിരുന്ന പ്രവർത്തനം സജീവത വീണ്ടെടുത്തിട്ടുണ്ട്. ഒൗദ്യോഗിക സർവിസ് തുടങ്ങുന്നതിന് മുന്നോടിയായി നിലവിൽ സ്ഥാപിച്ചുകഴിഞ്ഞ ട്രാക്കുകളിൽ ട്രെയിൻ പരീക്ഷണ ഒാട്ടം നടത്തുന്നുണ്ട്. റിയാദ് നഗരത്തിെൻറ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന വലിയ ശൃംഖലയാണ് മെട്രോ റെയിൽപാത.
176 കിലോമീറ്റർ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിൽ ഒന്നായി ലോകോത്തര മെട്രോ ട്രെയിൻ ഭൂപടത്തിൽ റിയാദ് മെട്രോ ഇടംനേടും. 176ൽ 36 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. ഏറ്റവും നൂതന സാേങ്കതികവിദ്യ ഉപയോഗിച്ചാണ് തുരങ്കങ്ങൾ നിർമിച്ചിട്ടുള്ളത്. മെട്രോ റെയിൽ ശൃംഖലയിൽ ആറു ലൈനുകളാണുള്ളത്.
ഇതിൽ 80 സ്റ്റേഷനുകളുണ്ട്. രണ്ടോ നാലോ ബോഗികളാകും ഒരു ട്രെയിനില്‍. അതിവേഗത്തില്‍ ട്രെയിൻ മാറിക്കയറാവുന്ന സംവിധാനമാണ് മെട്രോ സ്റ്റേഷനുകളിലുണ്ടാവുക. ഇൗ സ്റ്റേഷനുകളെ ട്രെയിൻ പോകാത്ത നഗരത്തിലെ സ്ഥലങ്ങളുമായി ബന്ധിപ്പിക്കാൻ റാപ്പിഡ് ബസ് സർവിസുമുണ്ടാകും. ബസിലും ട്രെയിനിലും ഒരേ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭാവിയിൽ റിയാദിൽ ഒന്നര കോടിയിലേറെ ജനങ്ങളുണ്ടാകുമെന്ന് കണക്കുകൂട്ടിയുള്ള പദ്ധതികളാണ് വരുന്നത്.
ഇതിെൻറ ഭാഗമായി റിയാദിലെ കിങ് സൽമാൻ പാർക്ക്, ഖിദ്ദിയ്യ വിനോദ നഗരം തുടങ്ങിയവയുമായും മെട്രോയെ ബന്ധിപ്പിക്കും. ജനസംഖ്യ വർധനക്കനുസരിച്ച് മെട്രോയുടെ വികസിപ്പിക്കാനാണ് റോയൽ കമീഷെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.