പക്ഷാഘാതം: അബോധാവസ്ഥയിൽ വഴിയരികിൽ കിടന്ന ബിഹാർ സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: പക്ഷാഘാതം പിടിപെട്ട് വഴിയരികിൽ അബോധാവസ്ഥയിൽ കിടന്ന ബിഹാർ സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലയച്ചു. ബിഹാർ ഹാര സ്വദേശി ആലംഭായിയാണ് സുമനസ്സുകളുടെ ഇടപെടലിനാൽ നാടണഞ്ഞത്. പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് വഴിയരികിൽ അബോധാവസ്ഥയിൽ വീണുകിടന്ന ആലംഭായിയെ സൗദി റെഡ് ക്രസൻറ് വളൻറിയർമാരാണ് റിയാദ് അൽഈമാൻ ആശുപത്രിയിലെത്തിച്ചത്. നാലു മാസത്തോളം ചികിത്സ തുടർന്നെങ്കിലും പൂർണമായും ഓർമശക്തി നഷ്ടപ്പെട്ട ഇദ്ദേഹത്തിെൻറ സ്പോൺസറെയോ കുടുംബത്തെയോ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ഇതേ ആശുപത്രിയിലെ ചില മലയാളി നഴ്സുമാർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മെഹബൂബ് ചെറിയവളപ്പിൽ വിഷയത്തിൽ ഇടപെടുകയും ഇഖാമ നമ്പർവെച്ച് ട്രാഫിക് ഡിപ്പാർട്മെൻറിൽനിന്ന് പ്രിൻറ് എടുക്കുകയും സ്പോൺസറെ കണ്ടെത്തി ബന്ധപ്പെടുകയുമായിരുന്നു. നാലു മാസത്തോളം സ്പോൺസറുമായി ബന്ധപ്പെടാതിരുന്നതിനാൽ ഒളിച്ചോടിയെന്ന് ജവാസത്തിന് പരാതി നൽകി 'ഹുറൂബ്' ആക്കിയിരുന്നു ആലംഭായിയെ സ്പോൺസർ.
നാട്ടിൽ പോകാനുള്ള എക്സിറ്റ് നടപടികൾക്ക് സ്പോൺസറുടെ സഹോദരൻ സഹായിക്കാൻ തയാറായി. കഴിഞ്ഞദിവസം റിയാദിൽനിന്ന് ലഖ്നോവിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ മുഹമ്മദ് യൂനിസ് എന്ന യാത്രികനോടൊപ്പം ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചു. മാസങ്ങളായി വിവരമൊന്നുമില്ലാതിരുന്ന ആലംഭായിയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നാട്ടിൽ കുടുംബം. റിയാദ് കെ.എം.സി.സിയെയും അൽഈമാൻ ആശുപത്രിയിലെ നഴ്സുമാരെയും കുടുംബം നന്ദി അറിയിച്ചു. നടപടികൾക്ക് സിദ്ദീഖ് തൂവ്വൂർ, മെഹബൂബ് ചെറിയവളപ്പ്, ഫിറോസ് കൊട്ടിയം എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.