നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ പങ്കുചേരും -എം.എ. യൂസുഫലി
text_fieldsമക്ക: കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് താനും പരിശ്രമിക്കുന്നുണ്ടെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി. റമദാനിലെ ഭക്തിസാന്ദ്രമായ അവസാന നാളുകൾ മസ്ജിദുൽ ഹറാമിൽ ചെലവഴിക്കാനെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു.
നിമിഷപ്രിയയുടെ യമനിലെ കേസിനെ സംബന്ധിച്ചിടത്തോളം അത് ഒരുപാട് നിയമപ്രശ്നമുള്ള ഒന്നാണ്. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് ഞാനും പരിശ്രമിക്കുന്നുണ്ട്. ഒരുപാടാളുകൾ അതിന് പരിശ്രമിക്കുന്നുണ്ട്. എന്‍റെ പ്രാർഥന ആരുടെയെങ്കിലും ഒരാളുടെ പരിശ്രമം അതിൽ വിജയിക്കട്ടെ എന്നാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബം ദിയാ മണി (മോചനദ്രവ്യം) ചോദിക്കുന്നു. അതിനുവേണ്ടിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. അതിന്‍റെ ഫൈനൽ സ്റ്റേജ് വരുമ്പോൾ തീർച്ചയായിട്ടും ഞാൻ പറയാം.
ഈ വിഷയത്തിൽ ഞാൻ ഏതുവിധത്തിലും സഹകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർഷവും റമദാൻ അവസാന നാളുകളിൽ എം.എ. യൂസുഫലി ഹറമിൽ ചെലവഴിക്കാനെത്താറുണ്ട്. കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷവും എത്തിയില്ല. പുണ്യമാസത്തിന്‍റെ ഏറ്റവും മഹത്വമേറിയ അവസാന നാളുകളിൽ വീണ്ടും ഹറമിലെത്താൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിലും ആത്മീയ നിർവൃതിയിലുമാണ് അദ്ദേഹം. വിശുദ്ധഗ്രന്ഥം പാരായണം ചെയ്തും പ്രാർഥനയിൽ മുഴുകിയും രാപ്പകലുകൾ ഹറമിൽ ചെലവഴിക്കുകയാണ് അദ്ദേഹം. വെള്ളിയാഴ്ച ദുബൈയിലേക്ക് മടങ്ങും. പെരുന്നാൾ ആഘോഷം അവിടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.