ഇന്ത്യയുമായുള്ള പങ്കാളിത്തം അനിവാര്യം -സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സാമൂഹികവും സാമ്പത്തികവുമായ വികസനവുമായി ബന്ധപ്പെട്ട പ്രസക്തമായ വിഷയങ്ങളുടെ തുടർച്ചയായ ചർച്ചയ്ക്ക് ഊന്നൽ നൽകുന്നു. സൗദിയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന ചരിത്രം ദീർഘകാല വ്യാപാരത്തിന്റെ സവിശേഷതയാണ്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് അടിത്തറയിട്ടു. പൊതു താൽപര്യങ്ങൾ വർധിപ്പിക്കുന്നത് സൗദിക്കും ഇന്ത്യയ്ക്കും മുഴുവൻ പ്രദേശത്തിനും ഗുണം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളെക്കുറിച്ച് പഠിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ പ്രധാനമന്ത്രിയും ചേർന്ന് പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എല്ലാ മേഖലകളിലെയും സഹകരണത്തിന് പുതിയ അടിത്തറ പാകി. പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കൗൺസിലിന്റെ കഴിവുകളും കാര്യക്ഷമതയും വർധിപ്പിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ വശങ്ങളിലും മേഖലകളിലും സുസ്ഥിരമായ ഏകോപന ശ്രമങ്ങളുടെ പ്രാധാന്യം സൗദി തിരിച്ചറിയുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഔദ്യോഗിക സന്ദർശന വേളയിൽ വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും അത് വികസിപ്പിക്കാനുള്ള അവസരങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ പൊതു താൽപ്പര്യമുള്ള വിഷയങ്ങളും ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു.
ഇന്ത്യയിലെ സൗദിയിലെ എംബസി ചാർജ് ഡി അഫയേഴ്സ് ജിദ്ദി ബിൻ നാഇഫ് അൽറഖാസ്, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽ ദാവൂദ്, ഏഷ്യൻ രാജ്യങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ നാസർ അൽ ഗനൂം എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.