യാത്രക്കാർ ‘എമർജൻസി ഹാൻഡിൽ’ ദുരുപയോഗം ചെയ്തു; റിയാദ് മെട്രോ ബ്ലൂ ലൈനിൽ രണ്ട് മണിക്കൂറിലേറെ സർവിസ് തടസപ്പെട്ടു
text_fieldsറിയാദ്: അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ‘എമർജൻസി ഹാൻഡിൽ’ യാത്രക്കാരിലാരോ ദുരുപയോഗം ചെയ്തതിനെ തുടർന്ന് റിയാദ് മെട്രോയിലെ ബ്ലൂ ലൈനിൽ രണ്ട് മണിക്കൂർ 40 മിനിറ്റ് നേരത്തേക്ക് സർവിസുകൾ തടസപ്പെട്ടു.
‘സാബ്’ സ്റ്റേഷനിൽനിന്ന് ‘ദാറുൽ ബൈദ’ സ്റ്റേഷനിലേക്കുള്ള ലൈനിലെ അൽ ഇൻമ ബാങ്ക്, എസ്.ടി.സി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളിയാഴ്ച വൈകീട്ട് 6.10ഓടെയാണ് സംഭവം. ട്രെയിനിലെ എമർജൻസി ഹാൻഡിലിൽ ആരോ പിടിച്ചതിനെ തുടർന്ന് കൺട്രോൾ സെൻററിൽ അപായ സിഗ്നലെത്തുകയും ബ്ലൂ ലൈനിലെ മുഴുവൻ സർവിസുകളും ഉടൻ നിർത്തിവെക്കുകയുമായിരുന്നു.
വിശദമായ പരിശോധന നടത്തി, എമർജൻസി ഹാൻഡിലിന്റെ ദുരുപയോഗമാണെന്ന് കണ്ടെത്തുകയും സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷം രാത്രി 8.30ഓടെ സർവിസ് പുനരാരംഭിച്ചു.
ഈ റൂട്ടിൽ സർവീസ് പൂർവാവസ്ഥയിലായതായി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും അനുബന്ധ കേന്ദ്രങ്ങളിലും നിയമങ്ങൾ പാലിക്കാൻ എല്ലാവരോടും റിയാദ് സിറ്റി റോയൽ കമീഷൻ ആവശ്യപ്പെട്ടു. സേവനങ്ങൾക്ക് ബുദ്ധിമുട്ടുകളും തടസവുമുണ്ടാതിരിക്കാൻ എമർജൻസി ഹാൻഡിലുകളിലും മറ്റും ആരും ‘കളിക്ക’രുതെന്നും മുന്നറിയിപ്പ് നൽകി. ട്രെയിൻ യാത്ര നിർദേശങ്ങൾ പാലിക്കാൻ എല്ലാ യാത്രക്കാരും തയ്യാറാവണം.
അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ എമർജൻസി എക്സിറ്റുകൾ, മുന്നറിയിപ്പ്, എമർജൻസി ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ട്രെയിനിലെ ഏതെങ്കിലും സുരക്ഷ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നത് വളരെ ഗുരുതരമായ ലംഘനമായി കണക്കാക്കപ്പെടും.
റെയിൽവേ ചട്ടങ്ങൾ അനുസരിച്ച് കുറ്റവാളിക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തും. കൂടാതെ ആറ് മാസത്തേക്ക് മെട്രോ യാത്രക്ക് വിലക്കേർപ്പെടുത്തുമെന്നും റോയൽ കമീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.