പാസ്പോർട്ട് കരിപ്പൂരിൽ കാണാതായി; യാത്രക്കാരി റിയാദിൽ കുടുങ്ങി
text_fieldsറിയാദ്: പാസ്പോർട്ട് കരിപ്പൂർ വിമാനത്താവളത്തിൽ മറന്നു. അതറിയാതെ പറന്ന യുവതി റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി. കരിപ്പൂരിൽനിന്ന് ഈ മാസം 24ന് എയർ ഇന്ത്യ എക്സ്പ്രസിൽ റിയാദിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശിനിക്കാണ് തന്റെ മറവിയുടെ ഫലം അനുഭവിക്കേണ്ടിവന്നത്. ഒരു കുടുംബത്തിലെ എട്ടുപേരടങ്ങുന്ന സംഘമാണ് സൗദിയിലേക്ക് പുറപ്പെട്ടത്.
യാത്ര ആരംഭിച്ചതിന് ശേഷം പാസ്പോർട്ടും രേഖകളും ക്രമപ്പെടുത്താൻ വേണ്ടി നോക്കുമ്പോഴാണ് ഒരു പാസ്പോർട്ട് നഷ്ടമായത് തിരിച്ചറിയുന്നത്. ഫയലും ബാഗും അരിച്ചു പെറുക്കിയിട്ടും പാസ്പോർട്ട് കണ്ടെത്താനായില്ല. തുടർന്ന് വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചു.
അവരുടെ സഹായത്തോടെ വിമാനത്തിനകത്ത് തിരച്ചിൽ നടത്തിയിലെങ്കിലും ഫലമുണ്ടായില്ല. ആകാശത്തായതിനാൽ ബന്ധുക്കളുമായോ എയർപോർട്ട് അധികൃതരുമായോ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിൽ കുടുങ്ങി പോയി. രാത്രി സൗദി സമയം 10.30 ഓടെ വിമാനം റിയാദിൽ ലാൻഡ് ചെയ്തു.
യാത്രക്കാർ പുറത്തിറങ്ങുന്ന കവാടത്തിൽ പാസ്പോർട്ട് നഷ്ടമായ ആളുടെ പേര് വിളിച്ചു എയർപോർട്ട് ഉദ്യോഗസ്ഥൻ കാത്ത് നിൽപ്പുണ്ടായിരുന്നു. കളഞ്ഞുപോയ പാസ്പോർട്ട് കോഴിക്കോട് എയർപോർട്ടിൽ ഉണ്ടെന്ന് അറിയിക്കുകയും അദ്ദേഹത്തിെൻറ മൊബൈലിൽ പാസ്പോർട്ടിന്റെ ചിത്രം കാണിക്കുകയും ചെയ്തു.
ഇത് താൽക്കാലികാശ്വാസം നൽകിയെങ്കിലും പാസ്പോർട്ട് റിയാദിലെത്താതെ എയർപോർട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയില്ല എന്ന യഥാർഥ്യം കടമ്പയായി. അടുത്ത വിമാനത്തിൽ പാസ്പോർട്ട് എത്തിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. പക്ഷേ അതുവരെ യുവതി എയർപോർട്ടിൽ കഴിയണം.
ഒറ്റക്ക് നിൽക്കാനുള്ള പ്രയാസം അറിയിച്ചപ്പോൾ കൂടെവന്ന സഹോദരിയെ കൂടി ഒപ്പം നിർത്താൻ അധികൃതർ അനുമതി നൽകി. പിറ്റേദിവസം രാവിലെ 10ഓടെ എത്തുന്ന ഫ്ലൈനാസ് വിമാനത്തിൽ കരിപ്പൂരിൽനിന്ന് കൊടുത്തുവിടാൻ ശ്രമം നടന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ സാധ്യമായില്ല.
ഒടുവിൽ തിങ്കളാഴ്ച രാത്രി 11ഓടെ എയർ ഇന്ത്യ എക്സ്പ്രസിലാണ് പാസ്പോർട്ട് എത്തിയത്. അപ്പോഴേക്കും 24 മണിക്കൂർ കഴിഞ്ഞിരുന്നു. കുറഞ്ഞ സമയത്തെ അശ്രദ്ധ ഒരു ദിവസം മുഴുവൻ യാത്രക്കാരിയെയും അവരോടൊപ്പമുള്ളവരെയും പ്രതിസന്ധിയിലാക്കി. കരിപ്പൂർ എയർപോർട്ടിലെ എയർ ഇന്ത്യ കൗണ്ടറിൽനിന്ന് ബോഡിങ് പാസ് വാങ്ങി എമിഗ്രേഷൻ നടപടി പൂർത്തിയാക്കി ദേഹപരിശോധനക്ക് പോകുംവരെയും പാസ്പോർട്ട് കൈയിലുണ്ടായിരുന്നു.
ബോഡിങ് പാസ് പരിശോധിക്കുന്ന ഉദ്യോഗസ്ഥനിൽനിന്ന് പാസ്പോർട്ടുകൾ ഒന്നിച്ചു തിരിച്ചുവാങ്ങുന്നതിനിടെ നഷ്ടമായതായിരിക്കും എന്നാണ് കരുതുന്നത്. സമാന സംഭവം കഴിഞ്ഞ മാസവും ഉണ്ടായതായി പൊതുപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാട്ടിൽ സ്കൂൾ അവധി ആരംഭിച്ചതിനാൽ സൗദിയിലേക്ക് കുടുംബങ്ങൾ സന്ദർശനത്തിനെത്തുന്ന തിരക്കുള്ള സമയമാണ്. യാത്രക്ക് മുമ്പ് പാസ്പ്പോർട്ട് ഉൾപ്പടെയുള്ള യാത്രാരേഖകൾ ഭദ്രമായി കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് അദ്ദേഹം ഓർമപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.