ജിദ്ദയിൽ പത്തനംതിട്ട ജില്ല സംഗമം 15ാം വാർഷികാഘോഷം 'അമൃതോത്സവം-2024' നാളെ
text_fieldsജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) കൂട്ടായ്മയുടെ 15 ആം വാർഷികാഘോഷം 'അമൃതോത്സവം-2024' എന്ന പേരിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6.30 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ കോൺസുൽ മുഹമ്മദ് ഹാഷിം മുഖ്യാതിഥി ആയിരിക്കും.
ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ജേതാവും പിന്നണി ഗായികയുമായ ദുർഗ്ഗാ വിശ്വനാഥ്, പിന്നണി ഗായകൻ ജ്യോതിഷ് ബാബു, സംഗീത സംവിധായകനും കീബോർഡ് ആൻഡ് ഗിറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, പി.ജെ.എസ് ലേഡീസ് വിങ് ടീം അണിയിച്ചൊരുക്കുന്ന പ്രസിദ്ധ കവി കടമ്മനിട്ട രാമകൃഷ്ണന്റെ 'കുറത്തി' എന്ന കവിതയുടെ ആവിഷ്കാരം, ഗുഡ് ഹോപ്പ് അക്കാഡമി അവതരിപ്പിക്കുന്ന `ഹിപ് ഹോപ്പ്' ഡാൻസ്, ഫിനോം അക്കാഡമി അവതരിപ്പിക്കുന്ന ക്‌ളാസിക്കൽ, സെമി ക്‌ളാസിക്കൽ, ഫ്യൂഷൻ തീം ഡാൻസ്, സ്രീത അനിൽകുമാറിന്റെ മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികൾ നടക്കും.
പി.ജെ.എസിന്റെ ഈ വർഷത്തെ ഉല്ലാസ് കുറുപ്പ് മെമ്മോറിൽ അവാർഡ് ശബ്ദ മാസ്മരികതകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നജീബ് വെഞ്ഞാറമൂടിനും, ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ മസൂദ് ബാലരാമപുരത്തിനും എഡ്യൂക്കേഷൻ അവാർഡ് പന്ത്രണ്ടാം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയ പി.ജെ.എസ് അംഗം ഷിബു ജോർജിന്റെ മകനും ബാലജനവിഭാഗം മുൻ പ്രസിഡന്റുമായിരുന്ന ആരോൺ ഷിബുവിനും പരിപാടിയിൽ വെച്ച് സമ്മാനിക്കും.
പ്രവാസത്തോട് വിടപറഞ്ഞു മടങ്ങുന്ന മാധ്യമ പ്രവർത്തകൻ പി.എം. മായിൻകുട്ടിക്കുള്ള യാത്രയയപ്പും 2023 ൽ സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചിരുന്ന സന്ദർഭത്തിൽ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് നടത്തിയ `ഓപ്പറേഷൻ കാവേരി' ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തിയ പി.ജെ.എസ് അംഗം മനോജ് മാത്യു അടൂരിനുള്ള അനുമോദനവും പരിപാടിയിൽ നടക്കും.
വാർഷികാഘോഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജോസഫ് വർഗീസ് (0546015620), ജയകുമാർ ജി. നായർ (0507535912), അയൂബ് ഖാൻ പന്തളം (0502329342) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. അലി റാവുത്തർ, ജോസഫ് വർഗീസ്, ജയൻ നായർ, സന്തോഷ് നായർ, അയൂബ് ഖാൻ പന്തളം, ഷറഫുദ്ദിൻ പത്തനംതിട്ട, വിലാസ് കുറുപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.