ദമ്മാമിൽ പേ പാർക്കിങ് പുനരാരംഭിക്കുന്നു
text_fieldsദമ്മാം: ഒരു വർഷത്തിലധികം നീണ്ട ഇടവേളക്കുശേഷം ദമ്മാം നഗരത്തിൽ വീണ്ടും പേ പാർക്കിങ് സംവിധാനം തിരിച്ചെത്തുന്നു. കോവിഡ്-19 പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലച്ച പേ പാർക്കിങ് കമ്പനി തുടർന്ന് പ്രവർത്തനംതന്നെ നിർത്തുകയായിരുന്നു.
നിലവിൽ മുനിസിപ്പാലിറ്റിയുടെ കീഴിൽ പഴുതുകൾ അടച്ചാണ് പുതിയ പേ പാർക്കിങ് സംവിധാനം ആരംഭിക്കുന്നത്. അതേസമയം ഉപഭോക്താക്കൾക്ക് വണ്ടികൾ പാർക്ക് ചെയ്യുന്നതിന് കൂടുതൽ പണം നൽകേണ്ടി വരും. ജൂലൈ ഒന്നുമുതൽ നഗരത്തിൽ പേ പാർക്കിങ് സംവിധാനങ്ങൾ പുനരാരംഭിക്കുമെന്നുള്ള നോട്ടീസുകൾ ഇപ്പോൾ വണ്ടികളിൽ പതിച്ചുതുടങ്ങി. ഇതിനാവശ്യമായ യന്ത്രങ്ങളും നഗരത്തിൽ സ്ഥാപിച്ചു.
നേരേത്ത തിരക്ക് സമയങ്ങളിൽ മണിക്കൂറിന് രണ്ട് റിയാലും മറ്റ് സമയങ്ങളിൽ ഒരു റിയാലുമായിരുന്നു പാർക്കിങ് നിരക്ക്. ഉച്ചക്ക് 12 മുതൽ നാലുവരെയും ആഴ്ചയിൽ വെള്ളിയാഴ്ച ദിവസവും പൂർണമായും സൗജന്യവുമായിരുന്നു. എന്നാൽ, പുതുതായി ആരംഭിക്കുന്ന പാർക്കിങ് സംവിധാനത്തിൽ എല്ലാദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെ നഗരത്തിൽ എവിടെ പാർക്ക് ചെയ്യാനും മണിക്കൂറിൽ മൂന്ന് റിയാൽ വീതം നൽകേണ്ടിവരും.
'മൗഗിഫി'ന് കീഴിൽ 2010ലാണ് ദമ്മാമിൽ ആദ്യമായി പാർക്കിങ് സംവിധാനം ആരംഭിച്ചത്. നഗരത്തിലെ തിരക്ക് കുറക്കാനും അത്യാവശ്യക്കാർക്ക് അവശ്യ സമയത്ത് പാർക്കിങ് ലഭ്യമാക്കാനും വേണ്ടിയാണ് ഈ സംവിധാനം ആരംഭിച്ചത്.
നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് തുച്ഛമായ പണം നൽകിയിട്ടാെണങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്ത് സമാധാനത്തോടെ സാധനങ്ങൾ വാങ്ങുന്നതിന് അവസരം ലഭ്യമാകുമെന്നാണ് അധികൃതർ വിശദീകരിച്ചത്. ഒട്ടൊക്കെ ഇത് പ്രാർത്തികമാവുകയും ചെയ്തിരുന്നു. എന്നാൽ, നഗരങ്ങളിൽ താമസിച്ചിരുന്നവരാണ് ഇതിെൻറ പേരിൽ ഏറെ പ്രയാസപ്പെട്ടത്. പാർക്കിങ് സമയത്ത് കൂപ്പൺ ഇല്ലാതെ വാഹനങ്ങൾ പാർക്ക് ചെയ്താൽ 50 റിയാൽ പിഴ ഈടാക്കിയിരുന്നു.
മൂന്നാം തവണയും പിഴക്ക് കാരണമായാൽ വാഹനങ്ങൾ പാർക്കിങ് കമ്പനികൾ അവരുടെ യാർഡിലേക്ക് മാറ്റി പിഴസംഖ്യ പൂർണമായും സ്വീകരിച്ചശേഷം മാത്രമേ വിട്ടുകൊടുത്തിരുന്നുള്ളൂ. ഇതിനിടയിൽ ഒരുറിയാൽ നാണയം വന്നതും 15 ശതമാനം വാറ്റ് നടപ്പാക്കിയതുമെല്ലാം ഇവരുടെ യന്ത്രത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുന്നതിന് ഇടയാക്കി. ഇതെല്ലാം പഴയ കമ്പനിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. അൽ ഖോബാർ നഗരത്തിൽ ആറുമാസത്തിനുമുമ്പ് തന്നെ പുതിയ പാർക്കിങ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.