സമാധാനത്തിനാണ് മുൻഗണന, കൂടുതൽ സംഘർഷങ്ങൾ മേഖലക്ക് സഹിക്കാനാവില്ല -സൗദി വിദേശകാര്യ മന്ത്രി
text_fieldsറിയാദ്: കൂടുതൽ സംഘർഷങ്ങൾ മേഖലക്ക് സഹിക്കാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. പാക്കിസ്ഥാനിൽ പാക് വിദേശകാര്യ മന്ത്രിയുമൊത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. സിറിയയിലെ ഇറാൻ കോൺസുലേറ്റിനെ ഇസ്രയേൽ ലക്ഷ്യം വെച്ചതിനെത്തുടർന്നുണ്ടായ പിരിമുറുക്കവും കഴിഞ്ഞ ശനിയാഴ്ച ഇസ്രായേലിന്റെ ഹൃദയഭാഗത്ത് മിസൈൽ ആക്രമണം നടത്തിയ ഇറാന്റെ പ്രതികരണവും മന്ത്രി പരാമർശിച്ചു. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് സൗദിയുടെ അഭിപ്രായം മന്ത്രി ആവർത്തിച്ചു. സമാധാനത്തിനാണ് മുൻഗണന. കൂടുതൽ സംഘർഷങ്ങൾ ഈ മേഖലക്ക് സഹിക്കാൻ കഴിയില്ലെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
ഇസ്രയേൽ യുദ്ധത്തെ തുടർന്ന് മാസങ്ങളായി ഉപരോധിക്കപ്പെട്ട ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമായിരിക്കുന്നു. ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ പൂർണ്ണമായും അപര്യാപ്തമാണെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രിയും ഉന്നതതല സംഘവും പാക്കിസ്ഥാനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.